ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു, ദില്ലിയിലെ ക്ഷേത്രത്തിൽവെച്ച് വിവാഹം; സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന ദമ്പതികളുടെ ആവശ്യം തള്ളി

Published : May 28, 2026, 09:00 AM IST
madhya pradesh high court rejects plea for armed police protection

Synopsis

മധ്യപ്രദേശിൽ മിശ്രവിവാഹിതരായ ദമ്പതികൾക്ക് 24 മണിക്കൂറും സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി

ഭോപ്പാൽ: മധ്യപ്രദേശിൽ മിശ്രവിവാഹിതരായ ദമ്പതികൾക്ക് 24 മണിക്കൂറും സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. കൃത്യമായ തെളിവുകളില്ലാതെ കേവലം ആശങ്കകളുടെ അടിസ്ഥാനത്തിൽ ഭരണഘടനാ കോടതികൾക്ക് സുരക്ഷാ ഏജൻസികളുടെ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിലെ ജസ്റ്റിസ് ജയ് കുമാർ പിള്ളയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മിശ്രവിവാഹം കഴിക്കുന്ന ദമ്പതികൾ കൃത്യമായ തെളിവുകളില്ലാതെ സ്ഥിരം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതികളെ സമീപിക്കുന്നത് ഒരു പ്രവണതയായി മാറുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.

2019-ൽ ഡൽഹിയിലെ ഒരു ആര്യസമാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇസ്ലാം മതം ഉപേക്ഷിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി ഹിന്ദു മതം സ്വീകരിച്ചത്. വിവാഹത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാരിൽ നിന്നും മറ്റും തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ 2022-ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം രത്‌ലാം പൊലീസ് ഇവർക്ക് സുരക്ഷ അനുവദിച്ചു. തങ്ങൾക്ക് നൽകിയിരുന്ന സായുധ ഗൺമാനെ മാറ്റി, ആയുധമില്ലാത്ത ഒരു ഹോംഗാർഡിനെ സുരക്ഷയ്ക്കായി നിയോഗിച്ചതിനെതിരെയാണ് ദമ്പതികൾ വീണ്ടും കോടതിയെ സമീപിച്ചത്. തങ്ങളുടെ വാഹനങ്ങൾ തടയാൻ ശ്രമം നടക്കുന്നുണ്ടെന്നും വീടിനു സമീപം സംശയാസ്പദമായ രീതിയിൽ ആളുകളെ കാണുന്നുണ്ടെന്നും കാണിച്ച് 24 മണിക്കൂറും സായുധ സംരക്ഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സുരക്ഷാ ഉദ്യോഗസ്ഥരെ എവിടെ, എങ്ങനെ വിന്യസിക്കണമെന്ന് തീരുമാനിക്കേണ്ടത് സുരക്ഷാ ഏജൻസികളാണെന്നും കോടതികൾക്ക് ആ ചുമതല ഏറ്റെടുക്കാനോ ഇത്തരം കാര്യങ്ങളിൽ സൂക്ഷ്മമായ ഇടപെടലുകൾ നടത്താനോ കഴിയില്ല, അസാധാരണമായ സ്ഥിരം സുരക്ഷാ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കൃത്യമായ തെളിവുകൾ ആവശ്യമാണ്. കേവലമായ ഭയത്തിന്റെയോ സംശയാസ്പദമായ സാഹചര്യങ്ങളുടെയോ അടിസ്ഥാനത്തിൽ വ്യക്തിഗത സായുധ സുരക്ഷ നൽകാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് സാധാരണ പെട്രോളിംഗും അന്വേഷണവുമാണ് നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി.

2022-ൽ കോടതി നൽകിയ ഉത്തരവ് ദമ്പതികളുടെ പരാതി നിയമപരമായി പരിശോധിക്കാൻ പൊലീസിനോട് ആവശ്യപ്പെടുക മാത്രമായിരുന്നു ചെയ്തത്. അത് അവർക്ക് ജീവിതകാലം മുഴുവൻ 24 മണിക്കൂറും സുരക്ഷ നൽകാനുള്ള ഒരു ശാശ്വത ഉത്തരവല്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തള്ളിയെങ്കിലും, ക്രമസമാധാനം പാലിക്കേണ്ടത് പൊലീസിന്റെ ഭരണഘടനാപരമായ ചുമതലയാണെന്നും, ദമ്പതികളിൽ നിന്ന് എന്തെങ്കിലും പരാതി ലഭിച്ചാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഡിക്കെതിരായ ആക്രമണം: ഒരാൾ കൂടി പിടിയിൽ; ഐ പി ബിനുവും ആറ്റുകാൽ ഉണ്ണിയും ഉൾപ്പെടെ ഒളിവിൽ
ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്, 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി