വൈറ്റില മേല്‍പ്പാലം: മദ്രാസ് ഐഐടിയും കുസാറ്റും പരിശോധന നടത്തും

By Web TeamFirst Published Jul 31, 2019, 7:39 PM IST
Highlights

പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള  ഗൂഢാലോചനയുടെ  ഭാഗമായിട്ടാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍  വീണ്ടും വിദഗ്ധ പരിശോധന നടത്തും. മദ്രാസ് ഐഐടിയേയും കുസാറ്റിനേയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള  ഗൂഢാലോചനയുടെ  ഭാഗമായിട്ടാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന്  ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട്  നല്‍കിയിരുന്നു. ഇത് വിവാദമായതോടെ നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് അവരെ സസ്പെന്‍ഡ്  ചെയ്തു.

ആദ്യ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ മാനുവല്‍ പ്രകാരം മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിച്ചു. മൂന്ന് റിപ്പോര്‍ട്ടുകളിലും അപാകത കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് രണ്ട് വിദഗ്ധ ഏജന്‍സികളെക്കൊണ്ട് പരിശോധന നടത്താന്‍  തീരുമാനിച്ചത്.

അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സസ്പെന്‍ഷന്‍ നിയമാനുസൃതമാണെന്ന് മന്ത്രി ജി സുധാകരന്‍  പറഞ്ഞു. പാലാരിവട്ടം ക്രമക്കേട് മറച്ചുവക്കാന്‍  ഉദ്യോഗസ്ഥയെ മുന്‍നിര്‍ത്തിയുള്ള ഗൂഡനീക്കം നടന്നതായി സംശയിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം വൈറ്റില മേല്‍പ്പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി

click me!