
തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിൻറെ പേരിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീക്ക് കൊടിയ പീഡനം നേരിടേണ്ടി വന്ന സംഭവത്തിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം. പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിനിടെ 2 പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് സ്റ്റേഷൻ വളപ്പിൽ കയറി. കേരളത്തിൽ പോലീസ് രാജാണെന്നും ദളിത് സ്ത്രീകളെ കണ്ടാൽ തെറി വിളിക്കുന്നതിലാണോ പൊലീസുകാർ ഡിഗ്രി എടുത്തതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ ചോദിച്ചു.
ബിന്ദുവിനെ മണിക്കൂറുകളോളം കള്ളി എന്നാണ് പോലീസുകാർ വിളിച്ചതെന്ന് അവർ ആരോപിച്ചു. കുടിവെള്ളം പോലും കൊടുക്കാൻ മനസ് കാണിക്കാത്തവരാണ് പേരൂർക്കട പൊലീസ്. പിണറായി സർക്കാരിന്റെ ദളിത് വിരുദ്ധതയാണ് കണ്ടത്. പിണറായി എന്തിനാണ് ആഭ്യന്തര വാഴ ആയി ജീവിക്കുന്നത്? സംസ്ഥാന സർക്കാർ ബിന്ദുവിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിനിടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിത്തുറന്ന് അകത്ത് കയറാൻ ശ്രമിച്ചത്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പൊലീസുമായി കൊമ്പുകോർത്തു. ഇതിനിടെ 2 പ്രവർത്തകർ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് ചാടിക്കയറി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.