
തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്.16 വർഷം മുമ്പാണ് ആന്‍റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല. അതേസമയം, തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും ആന്‍റണി രാജു പ്രതികരിച്ചു. കേസിന്‍റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റപത്രം സമർപ്പിച്ച് 16 വർഷം കഴിഞ്ഞിട്ടും ആന്‍റണി രാജു പ്രതിയായ കേസിലെ വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. ആന്‍റണി രാജുവിനെതിരായ കുറ്റപത്രം അനുബന്ധരേഖകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഇഴഞ്ഞു നീങ്ങി വിചാരണ നടപടികൾ
മയക്ക് മരുന്ന കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കുന്നതിന് ഗൂഢാലോചന നടന്നതിയതായി തെളിഞ്ഞ ആന്‍റണി രാജു മന്ത്രിസഭയിൽ അംഗമായിക്കുമ്പോള്‍ വിചാരണ നടപടികളും അനന്തമായി നീളുകയാണ്. അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ ആകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിന്‍റെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു.
പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂർ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്നാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിന്‍റെ സഹായത്തോടെ വാങ്ങിയ ആന്‍റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. രണ്ട് പേർക്കുമെതിരെ 2006ൽ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമപ്പിച്ച കുറ്റപത്രം 2014 കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റി. കേസ് പലതവണ പരിഗണിച്ചു. ആന്‍റണി രാജുവിന് നോട്ടീസ് അയച്ചു. 22 പ്രാവശ്യം കേസ് പരിഗണിച്ചുവെങ്കിലും ഇതേവരെ പ്രതികള്‍ക്ക് കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിക്കുകോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തില്ല.
ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസിൽ ജാമ്യമെടുത്ത ആന്‍റണി രാജു തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയുമായി. ഇതോടെ മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരണ വേഗത്തിലാക്കാൻ സർക്കാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതേ കേസിൽ പ്രതിയായതിനാൽ 2006ൽ ആന്‍റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ കേസ് പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നൽകിയ ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും തന്‍റെ അഭിഭാഷകൻ കൃത്യമായി കോടതിയിൽ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam