എന്നാൽ ജംഗ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കാണാതായി എട്ടാം ദിവസമായ ഇന്നലെയാണ് പൊലീസ് നായ തെരച്ചിലിനെത്തുന്നത്. വീടിന് അധികം ദൂരേക്ക് നായ പോയതുമില്ല.

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഉടൻ രൂപീകരിക്കും. 9 ദിവസമായിട്ടു ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും ചൊക്ലി പൊലീസിനില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. തെരച്ചിലിന് പൊലീസ് നായ എത്തിയത് എട്ടാം ദിവസം മാത്രമാണെന്ന പരാതിയും വീട്ടുകാർക്കുണ്ട്.

മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിൽ നാടുവിട്ട ശിവസൂര്യ എവിടെയെന്നതിൽ 9ാം ദിവസവും ഉത്തരമില്ലാതെ പൊലീസും വീട്ടുകാരും നാട്ടുകാരും. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരൻ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. എന്നാൽ ജംഗ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കാണാതായി എട്ടാം ദിവസമായ ഇന്നലെയാണ് പൊലീസ് നായ തെരച്ചിലിനെത്തുന്നത്. വീടിന് അധികം ദൂരേക്ക് നായ പോയതുമില്ല.

കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി ഒരുപക്ഷേ മൈസൂരുവിൽ പോയേക്കാം എന്നൊരു സംശയം വീട്ടുകാർ പൊലീസിനോട് പങ്കുവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മൈസൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിൽ സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്ഐടിക്ക് കൈമാറുന്നത്. തലശ്ശേരി എഎസ്പിയുടെ മേൽനോട്ടത്തിലാകും അന്വേഷണം.

ശിവസൂര്യയെ കാണാതായിട്ട് 9 ദിവസം; അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം