ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 51-ൽ അധികം ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ലതാ സുനിൽ എന്ന സ്ത്രീയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വിസ ചെലവെന്ന പേരിൽ പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.
മാനന്തവാടി: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ വടകര പറയുള്ളതിൽ വീട്ടിൽ ലതാ സുനിൽ (59) എന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുതറ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയായ ഇവർ പിടിയിലായത്. ഒമാനിലെ അൽ ഐനിൽ പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ പ്രതി മാസം 70,000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പരാതിക്കാരന്റെ പരിചയത്തിലുള്ള 21 പേരുൾപ്പെടെ 51-ഓളം ആളുകളിൽ നിന്നാണ് വിസ ചെലവ് എന്ന പേരിൽ 65,000 രൂപ മുതൽ 75,000 രൂപ വരെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇവർ തട്ടിയത്. 2025 ജനുവരിയിലായിരുന്നു സംഭവം. മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ഇരയായവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നൽകിയ മേൽവിലാസത്തിൽ കഴിഞ്ഞ 10 വർഷമായി താമസമില്ലെന്ന് വ്യക്തമായി. പ്രതി വിദേശത്തേക്ക് കടന്നതായും കണ്ടെത്തി. തുടർന്ന് ലതാ സുനിലിനെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ വെള്ളിയാഴ്ച പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. പലരും ചതി മനസ്സിലാകാതെ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്.ഐമാരായ കെ. സിൻഷ, പി.ജെ. റെജി, എ.എസ്.ഐ സി.വി. ഗീത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റയീസ്, ടൈറ്റസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


