മലപ്പുറം ജില്ലാ വിഭജനം; മുസ്ലീം ലീഗിന്‍റെ ആവശ്യം ഏകപക്ഷീയമെന്ന് യുഡ‍ിഎഫിൽ തർക്കം

By Web TeamFirst Published Jun 20, 2019, 9:17 AM IST
Highlights

ജില്ല വിഭജിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയതോടെ അടിത്തട്ടിലടക്കം ഇക്കാര്യം വിശദീകരിക്കേണ്ട അവസ്ഥയിലാണ് ജില്ലാ ലീഗ് നേതൃത്വം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം ഏകപക്ഷീയമാണെന്ന് കാണിച്ച് യുഡ‍ിഎഫിൽ തർക്കം. യുഡിഎഫ് നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നിയമ സഭയിൽ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെഎൻഎ ഖാദർ എംഎൽഎ ഉപേക്ഷിച്ചത്. ഇതോടെ മുസ്ലീം ലീഗ് പ്രതിരോധത്തിലായി.

ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം നയപരമായ പ്രശ്നമാണെന്നും കൂടുതൽ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡിസിസിയിലോ ജില്ല യുഡിഎഫിലോ ചർച്ച ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇതോടെ വർഷങ്ങളായി ഉയർത്തിയ ആവശ്യത്തിൽ നിന്നാണ് ലീഗ് പുറകോട്ട് പോകുന്നത്. 20l5ൽ ലീഗിന് പ്രാമുഖ്യമുള്ള ജില്ലാ പഞ്ചായത്ത് ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചർച്ച ചെയ്തു. ജില്ല വിഭജിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയതോടെ അടിത്തട്ടിലടക്കം ഇക്കാര്യം വിശദീകരിക്കേണ്ട അവസ്ഥയിലാണ് ജില്ലാ ലീഗ് നേതൃത്വം.
 

click me!