ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; വാസ്തവം തിരഞ്ഞ് അന്വേഷണ ഏജന്‍സികള്‍

By Web TeamFirst Published Jun 6, 2021, 11:18 PM IST
Highlights

സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സ്വദേശത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമാണ് അന്വേഷണം.

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് സുരക്ഷ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എഞ്ചിനീയറായ ഇയാള്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ഐഎസിന്‍റെ അവകാശവാദമെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സംഭവം എന്ന്, എപ്പോള്‍ നടന്നെന്ന് വ്യക്തമാക്കാതെയാണ് ഐഎസ് പ്രവര്‍ത്തകനായ മലയാളി കൊല്ലപ്പെട്ട വിവരം സംഘടന പുറത്ത് വിട്ടത്. ലിബിയയില്‍ ചാവേര്‍ ബോംബായി പൊട്ടിത്തെറിച്ചെന്നാണ് ഐഎസ് അവകാശവാദമെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ എന്ന പേരില്‍ ഐഎസ് പുറത്ത് വിട്ട പട്ടികയിലാണ് ഇയാളെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. ബെംഗളൂരുവില്‍ എഞ്ചിനിയറായിരുന്ന ഇയാള്‍ ഗള്‍ഫിലെത്തിയ ശേഷമാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് വിവരം. പിന്നീട് ഇയാള്‍ ലിബിയയിലേക്ക് പോയതായും പറയപ്പെടുന്നു.

ആഫ്രിക്കയില്‍ ചാവേര്‍ ബോംബായി കൊല്ലപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഇയാളെന്നാണ് ഐഎസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സ്വദേശത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമാണ് അന്വേഷണം.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 


 

click me!