ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്.
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി. കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി. ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലീസ് അറിയിച്ചു.
നേരത്തേ മുതലേ ശല്യം ചെയ്ത അലനെ പെൺകുട്ടി അകറ്റി നിർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സ്കൂൾ പഠന കാലത്തെ ചിത്രപ്രിയയെ അറിയാമായിരുന്നു അലന്, അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അലനെ പെൺകുട്ടി അകറ്റിനിർത്തി. മികച്ച വോളിബോൾ പ്ലെയറായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്കൂളിലേക്ക് മാറി. അപ്പോഴും അലൻ പിന്തുടർന്നു. ഒടുവിൽ ബെംഗളൂരുവിൽ പഠനത്തിന് ചേർന്നപ്പോഴും അലൻ ഫോൺ വിളി തുടർന്നു.
ബ്ലേഡ് കൊണ്ട് കൈയിൽ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്കവയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലൻ പ്രകോപിതനായെന്ന് പൊലീസ്. നാട്ടിലെത്തിയെ പെൺകുട്ടിയെ എല്ലാം പറഞ്ഞു തീർക്കാനെന്ന് തെറ്റിധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കിൽ കയറ്റി കൊണ്ടുപോയത്. വീട്ടുകാർ എതിർക്കുമെന്നതിനാൽ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തർക്കിക്കുന്നതായി ചിലർ കണ്ടെന്നും പൊലീസ് സൂചന നൽകി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂർ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയത്. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല.
കല്ലുകൊണ്ട് തലയ്ക്ക് പിന്നിൽ ചെവിക്കരികിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ പെൺകുട്ടി ബോധമറ്റ് വീണതോടെ അലൻ ഓടി രക്ഷപ്പെട്ടു. ആ സമയം നാട് മുഴുവൻ ചിത്രപ്രിയക്കായുള്ള തെരച്ചിലായിരുന്നു. അലനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും തനിക്ക് അറിയില്ലെന്ന് പറഞ്ഞതോടെ വിട്ടയച്ചു. ചൊവ്വാഴ്ച വൈകിട്ട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടതോടെയാണ് വീണ്ടും അലനിലേക്ക് പൊലീസ് എത്തിയത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ താൻ കൊല്ലാൻ തന്നെയാണ് ചിത്രപ്രിയയെ ബൈക്കിൽ കയറ്റി കൊണ്ടുപോയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ്. ഫോൺ പരിശോധിച്ചതിൽ നിന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നതായി വ്യക്തമായി.
സംഭവത്തിൽ കൂടുതൽ പ്രതികളില്ലെന്ന് പൊലീസ് പറയുമ്പോഴും കൊല്ലപ്പെട്ട പെൺകുട്ടിയ കുടബത്തിന്റെ സംശയം അവശേഷിക്കുകയാണ്. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച വാച്ചിലാണ് ദുരൂഹത. വാച്ച് അലന്റെയോ കൊല്ലപ്പെട്ട പെൺകുട്ടിയുടേതോ അല്ല. റിമാൻഡിലുള്ള അലനായി അടുത്ത ദിവസം തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. തെളിവെടുപ്പും അന്ന് തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.



