അതിര് കടന്ന് കര്‍ണാടക: വീട്ടുമുറ്റത്തെ മരം മുറിച്ച ദമ്പതികളെ ജയിലിലിട്ടു, അതിര്‍ത്തി ഗ്രാമങ്ങളില്‍ ആശങ്ക

By Web TeamFirst Published Dec 14, 2019, 10:33 AM IST
Highlights

പ്രളയത്തിൽ വീട് തകർന്നതിനാൽ വാടകയ്ക്ക് മാറിത്താമസിക്കുന്ന കൂട്ടുപുഴ പുഴയോരത്തെ ബാബുവും സൗമിനിയും വീടിന്റെ അറ്റകുറ്റപ്പണിക്കും വിറകാവശ്യത്തിനുമായാണ് വീട്ടുമുറ്റത്തെ മാവ് മുറിച്ചത്. 

കണ്ണൂര്‍: അതിർത്തി കടന്നുള്ള കർണാടകത്തിന്റെ നടപടികളിൽ ആശങ്കയുമായി കണ്ണൂർ കൂട്ടുപുഴയിലെ ജനങ്ങൾ. വീട്ടുമുറ്റത്തെ മരംമുറിച്ചതിന് കേരളത്തിന്റെ അതിർത്തി കടന്നെത്തിയ കർണാടക വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നാല് ദിവസമാണ് ദമ്പതികളെ അറസ്റ്റ് ചെയ്ത് തടവിലിട്ടത്. 

പ്രളയത്തിൽ വീട് തകർന്നതിനാൽ വാടകയ്ക്ക് മാറിത്താമസിക്കുന്ന കൂട്ടുപുഴ പുഴയോരത്തെ ബാബുവും സൗമിനിയും വീടിന്റെ അറ്റകുറ്റപ്പണിക്കും വിറകാവശ്യത്തിനുമായാണ് വീട്ടുമുറ്റത്തെ മാവ് മുറിച്ചത്. എന്നാൽ മരം മുറിച്ചതിന് പിന്നാലെ ചൊവ്വാഴ്ച്ച രാവിലെ ഇരുവരെയും കർണാടക വനംവകുപ്പ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. 

മരംമുറി നടന്നത് കേരളത്തിന്റെ ഭൂമിയിലാണെന്നും കർണ്ണാടകയ്ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി അറിയിയിച്ചിട്ടും നാല് ദിവസം ജാമ്യം നൽകിയില്ല. കേരളം അളന്ന് അതിര് സ്ഥാപിച്ച കുറ്റികൾ വ്യക്തമായി കാണാമായിരുന്നിട്ടും കേരളത്തിന്റെ ഭൂമിയിൽ കടന്നായിരുന്നു ഈ നടപടി. ഈ സ്ഥലത്ത് കൂടി അവകാശമുന്നയിച്ച് പുഴയുടെ പകുതി ഭാഗം കൂടി നേടാനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. 

വർഷങ്ങൾക്ക് മുൻപേ പണി തുടങ്ങി പകുതിയെത്തിയ ശേഷം കൂട്ടുപുഴ പാലം നിർമ്മാണം നിലച്ചതും കർണാടക വനംവകുപ്പിന്റെ കടുംപിടുത്തം മൂലമായിരുന്നു. പാലം പണി പുനരാരംഭിക്കാൻ നിലവിൽ ഇരുസർക്കാരുകളും ധാരണയായിട്ടുണ്ട്. 

 

click me!