
കോഴിക്കോട്: ചേവായൂരിൽ വൈദികൻ പ്രതിയായ ബലാത്സംഗക്കേസിൽ താമരശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴിയിൽ ഗുരുതര ആരോപണം. വൈദികനെതിരായ പരാതിയുമായി ആദ്യം സമീപിച്ചത് ബിഷപ്പിനെയായിരുന്നുവെന്നും നീതി ലഭിച്ചില്ലെന്നും മൊഴിയിൽ കുറ്റപ്പെടുത്തുന്നു.
ഇരയായ വീട്ടമ്മ നൽകിയ മൊഴി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരായ കേസിൽ ബിഷപ് റെമിജിയോസ് ഇഞ്ചനാനായലിനെതിരെയാണ് വീട്ടമ്മ മൊഴി നൽകിയിരിക്കുന്നത്.
വൈദികനെതിരെ പരാതിയുമായി ആദ്യം സമീപിച്ചത് ബിഷപ്പിനെയാണെന്ന് മൊഴിയിൽ വീട്ടമ്മ വ്യക്തമാക്കുന്നു. ഇദ്ദേഹം രണ്ടുവൈദികരെ തന്‍റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഈ വൈദികരുടെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് പൊലീസിൽ പരാതിപ്പെടാതിരുന്നത്. എന്നാൽ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്ന് മൊഴിയിൽ കുറ്റപ്പെടുത്തുന്നു.
കുട്ടികളില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പരാതിയിൽ ആരോപിക്കുന്നത്. കേസിൽ മതപരമായ സംഘടനയിൽ നിന്നും നീതികിട്ടുമെന്ന് പ്രതിക്ഷിച്ചാണ് പരാതി വൈകിയതെന്നും വിശദീകരിക്കുന്നുണ്ട്. പരാതി നൽകാതിരിക്കാൻ സഭയിൽ നിന്ന് സമ്മർദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍ പ്രതിയായ ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും. അതിനിടെ, കേസില്‍ താമരശേരി രൂപത അധികൃതരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന്‍റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam