വൃക്കകൾ തകർന്ന് ഒമാനിൽ സഹായം തേടിയ പ്രവാസി മരിച്ചു; മഹേഷിന്‍റെ അന്ത്യം നാട്ടിൽ പോകണമെന്ന ആഗ്രഹം ബാക്കിയാക്കി

Published : Mar 07, 2025, 09:43 AM ISTUpdated : Mar 07, 2025, 09:45 AM IST
വൃക്കകൾ തകർന്ന് ഒമാനിൽ സഹായം തേടിയ പ്രവാസി മരിച്ചു; മഹേഷിന്‍റെ അന്ത്യം നാട്ടിൽ പോകണമെന്ന ആഗ്രഹം ബാക്കിയാക്കി

Synopsis

വൃക്കകൾ തകർന്ന് ഒമാനിൽ നിന്ന് നാട്ടിലേക്കെത്താൻ സഹായം തേടിയ പ്രവാസി മരിച്ചു. കൊല്ലം സ്വദേശി മഹേഷ്‌ (43) ആണ് ഇന്നലെ മരിച്ചത്.

മസ്കറ്റ്: അവസാനമായൊന്ന് നാട്ടിലെത്താൻ സഹായം തേടിയ ഒമാനിലെ പ്രവാസി മഹേഷ് അന്ത്യാഭിലാഷം പോലും സഫലമാകാതെ മരിച്ചു. മസ്ക്കറ്റിലെ ബദർ അൽ സമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറ്റെടുക്കാനും പരിചരിക്കാനും ആരുമില്ലാതിരുന്നതും നാട്ടിലേക്കയക്കുന്നതിൽ നടപടികൾ മുന്നോട്ട് നീങ്ങാതിരുന്നതുമാണ് മഹേഷിനെ ദുരിതത്തിലാക്കിയത്. മൃതദേഹമെങ്കിലും നാട്ടിലെത്തിച്ച് കിട്ടാൻ കാത്തിരിക്കുകയാണ് ഉറ്റവർ.

വൃക്കകൾ തകർന്ന് നാല് മാസമായി മസ്ക്കറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഹേഷ്. നോക്കാൻ ആശുപത്രിയിലെ ജീവനക്കാർ മാത്രം. ചികിത്സാ ബിൽ 68 ലക്ഷത്തിലധികം രൂപ. ഇടയ്ക്ക് ആരോഗ്യം വീണ്ടെടുത്ത് എഴുന്നേറ്റ് നടന്ന മഹേഷിന് നാട്ടിലൊന്ന് പോകണമെന്നായിരുന്നു ഒറ്റ ആഗ്രഹം. ഏഷ്യാനെറ്റ് ന്യൂസ് ഇത് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. 8 കൊല്ലത്തിലധികമായി വിസയും രേഖകളുമില്ലായിരുന്നു മഹേഷിന്. കൂടെയാരുമില്ലായിരുന്നു. ആശുപത്രിയിലെ ഒറ്റപ്പെടൽ മഹേഷിന് അസഹനീയമായിരുന്നു. 

നാട്ടിലയക്കണമെങ്കിൽ വൈദ്യസഹായമുള്ള യാത്ര സൗകര്യം എംബസി ഇടപെട്ട് ചെയ്യണമായിരുന്നു. നാട്ടിലെത്തിച്ചാലും തുടർ ചികിത്സയ്ക്കും സൗകര്യം ഒരുക്കണമായിരുന്നു. മഹേഷിന് നാട്ടിൽ സഹോദരിയും അമ്മയും അമ്മൂമ്മയും മാത്രമാണുണ്ടായിരുന്നത്. ഇടയ്ക്ക് ഡോക്ടർ പോലും ഇടപെട്ട് മഹേഷിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ അപേക്ഷിച്ചു. പക്ഷേ ഒന്നും നടന്നില്ല. നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ മഹേഷ് കിടപ്പിലായ വിവരം പോലും അമ്മൂമ്മയെ അറിയിച്ചിട്ടില്ലായിരുന്നു. ഒടുവിൽ ഉറ്റവരെ തമ്മിലൊന്ന് കാണാനാകാതെ മഹേഷിന്റെ മടക്കയാത്ര.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം