
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി ഇവർ മുൻപ് ജോലി ചെയ്ത സ്ഥാപനത്തിൻ്റെ ഉടമ. വീടിന് അടുത്തുള്ള കെയർ ഹോമിൽ നാല് മാസം ജോലി ചെയ്ത ഷൈനി, ജോലി നിർത്താൻ കാരണം അച്ഛൻ കുര്യാക്കോസാണെന്ന് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽ നിന്ന് വന്നപ്പോൾ ഷൈനിയുടെ അവസ്ഥ കണ്ടാണ് ജോലി കൊടുത്തതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജോലിക്ക് വന്നപ്പോൾ സങ്കടത്തിലായിരുന്ന ഷൈനിക്ക് ജോലി ചെയ്ത് തുടങ്ങിയപ്പോൾ മാറ്റം വന്നു തുടങ്ങിയിരുന്നു. എന്നാൽ ഷൈനിയുടെ അച്ഛൻ സ്ഥാപനം അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആരോഗ്യ വകുപ്പിൽ സ്ഥാപനത്തിനെതിരെ പരാതി കൊടുത്തു. കെയർ ഹോമിലെ ബയോ ഗ്യാസ് പ്ലാന്റിനെതിരെ കുര്യക്കോസ് നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചു. ഡൽഹിയിൽ പോയിട്ടാണെങ്കിലും സ്ഥാപനം പൂട്ടിക്കുമെന്ന് കുര്യാക്കോസ് പറഞ്ഞു. മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അച്ഛൻ തുടർച്ചയായി പരാതി നൽകിയതോടെയാണ് ഷൈനി രാജിവെച്ചത്. വിദേശത്തേക്ക് പോകണമെന്നും അതിനായി ഐഇഎൽടിഎസ് പഠിക്കണമെന്നും പറഞ്ഞ ഷൈനി രണ്ടും കൂടെ നടക്കില്ലെന്ന കാരണം പറഞ്ഞാണ് ജോലി രാജിവെച്ചതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
അതിനിടെ ഷൈനിയുടെ ഭർത്താവിനെതിരെ ആരോപണവുമായി അച്ഛൻ കുര്യാക്കോസും അമ്മ മോളിയും രംഗത്ത് വന്നു. മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനമാണ്. വിവാഹമോചന നോട്ടീസ് പോലും കൈപ്പറ്റൻ തയ്യാറായില്ല. കുറെ നാളുകളായി ജോലി കിട്ടാത്തത്തിൽ ഉള്ള സങ്കടം മകൾക്ക് ഉണ്ടായിരുന്നു. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ചു. കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിക്കെടി എന്ന് പറഞ്ഞു. 9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. ആ വീട്ടിൽ ബാക്കി എല്ലാവരും ഒന്നായിരുന്നു. മറ്റാരെങ്കിലും ഉപദ്രവിച്ചോ എന്നറിയില്ല. 12 ആശുപത്രികളിൽ ജോലി അന്വേഷിച്ചു. എവിടെയും ജോലി കിട്ടിയില്ല. ആശുപത്രികളെ കുറ്റം പറയുന്നില്ല. ജോലി കിട്ടാത്തത്, കുട്ടികളുടെ കാര്യങ്ങൾ, വിവാഹ മോചനം എല്ലാം ഷൈനിയെ അലട്ടിയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam