'ഭര്‍ത്താവിന്‍റെ മരണം അന്വേഷിക്കണം'; പ്രവാസി വ്യവസായിയുടെ ഭാര്യ നല്‍കിയ പരാതി പുറത്ത്

By Web TeamFirst Published Oct 21, 2019, 1:18 PM IST
Highlights

വില്‍സന്‍ ജോണിന്‍റെ  നിക്ഷേപ വിവരങ്ങളടങ്ങിയ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റു ബാങ്കുരേഖകളും ബന്ധുക്കൾ കൈക്കലാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു

ദില്ലി: ദില്ലിയിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി ലിസി മകൻ അലൻ സ്റ്റാൻലി എന്നിവരുടെ കേസില്‍ നിര്‍ണായക വിവരം പുറത്ത്. രണ്ടാം ഭര്‍ത്താവ് വില്‍സന്‍ ജോണിന്‍റെ  മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലിസി കഴിഞ്ഞ മെയ് മാസം ഇടുക്കി എസ്പിക്ക് നല്‍കിയ പരാതി പുറത്ത് വന്നു. വില്‍സന്‍റെ മക്കള്‍ക്കൊപ്പം പള്ളിയില്‍ പോയപ്പോഴായിരുന്നു ഭര്‍ത്താവിന്‍റെ മരണമെന്നും തൂങ്ങിമരിച്ചതാണെന്ന വിവരം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും ലിസ്സി അന്നത്തെ ഇടുക്കി എസ്പി കെബി വേണുഗോപാലിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

വില്‍സന്‍ ജോണിന്‍റെ  നിക്ഷേപ വിവരങ്ങളടങ്ങിയ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റു ബാങ്കുരേഖകളും ബന്ധുക്കൾ കൈക്കലാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം നടത്തണമെന്നും ലിസി ഇടുക്കി എസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തൊടുപുഴയിലെ വീട്ടില്‍ കഴിഞ്ഞ ഡിസംബര്‍ 31 നാണ് വില്‍സന്‍ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  മെയ് 10 നായിരുന്നു ലിസി പരാതി നല്‍കിയത്. 

ലിസി നല്‍കിയ പരാതിയെക്കുറിച്ച് കേസിപ്പോള്‍ അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് പരിശോധിച്ചിട്ടുണ്ടാകുമെന്നായിരുന്നു പരാതിയെക്കുറിച്ച് ഇടുക്കി എസ്പിയുടെ വിശദീകരണം. എന്നാല്‍ ലിസിയുടെ പരാതി ക്രൈബ്രാഞ്ചിന് മുന്നില്‍ വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചത്. 

Read more 'എന്നെ വേട്ടയാടുന്നു', ദില്ലിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ ഭാര്യയുടെ ആത്മഹത്യാക്കുറിപ്പ്

വില്‍സന്‍ ജോണിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്  ലിസിയെയും മ കനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംസ്ക്കാരം ദില്ലിയിൽ നടത്താനാണ് തീരുമാനം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കി. ലിസിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലും മകൻ അലൻ സ്റ്റാൻലിയെ ട്രെയിൻ തട്ടി മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. രണ്ടാം ഭർത്താവ് വിൽസൻറെ മരണത്തിൽ ലിസിക്കെതിരെ ബന്ധുക്കൾ നല്കിയ കേസിൽ അന്വേഷണം നടക്കുമ്പോഴാണ് ഇരുവരുടെയും മരണം. 

click me!