ദില്ലി: തൊടുപുഴയിലെ വ്യവസായിയുടെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നും രണ്ടാം ഭാര്യ ലിസിയുടെ ആത്മഹത്യാക്കുറിപ്പ്. ദില്ലിയിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് ലിസിയെ തൂങ്ങി മരിച്ച നിലയിലും മകനെ ട്രെയിൻ തട്ടിയ നിലയിലും കണ്ടെത്തിയത്.

രണ്ടാം ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ ബന്ധുക്കളില്‍ ചിലര്‍ വേട്ടയാടുകയാണ്. കള്ളക്കേസ് നല്‍കി. വാര്‍ത്ത നല്‍കിയവരുള്‍പ്പടെ പന്ത്രണ്ടിലേറെപ്പേര്‍ മരണത്തിന് ഉത്തരവാദികളാണെന്നും കുറിപ്പ് പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ലിസിയുടെ മുറിയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതു മണിയ്ക്ക് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. 

പീതംപുരയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയില്‍ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലി. ഫ്ളാറ്റിലെ മറ്റൊരു മുറിയിലും ആത്മഹത്യാശ്രമം നടന്നതിന്‍റെ ലക്ഷണമുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂത്തമകനും അടുത്ത ബന്ധുക്കളും ദില്ലിയിലെത്തി. പോസ്റ്റുമോർട്ടം നാളെ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

രണ്ടാം ഭര്‍ത്താവ് ജോണ്‍വില്‍സന്‍റെ മരണശേഷമാണ് ലിസി മകനൊപ്പം ദില്ലിയിലെത്തിയത്. ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിയാണ് രണ്ടാമത്തെ മകന്‍ അലന്‍ സ്റ്റാന്‍ലി. ജോണ്‍വില്‍സന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മക്കള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഴ്ച ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൂടത്തായി കേസിന് സമാനമാണ് ജോണിന്‍റെ മരണമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് ലിസിയുടെ മരണം.