ഐറിനയുടെ കപ്പിത്താൻ മ്മടെ സ്വന്തം തൃശൂർക്കാരൻ, വിഴിഞ്ഞത്തെത്തിയ കൂറ്റൻ കപ്പലിന്റെ നിയന്ത്രണം വില്ലി ആന്റണിക്ക്

Published : Jun 09, 2025, 11:33 AM IST
Villy Antony

Synopsis

തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിക്ക് മര്‍ച്ചന്റ് നേവിയില്‍ 29 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. 

തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എം.എസ്.സി ഐറിനയെ നയിക്കുന്നത് മലയാളി ക്യാപ്റ്റൻ. തൃശൂര്‍ സ്വദേശി ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് കപ്പലിനെ നിയന്ത്രിക്കുന്നത്. കപ്പല്‍ ഇന്നാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ജൂണ്‍ രണ്ടിന് പുറംകടലില്‍ എത്തിയ കപ്പല്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്. ഭീമാകാരന്‍ കപ്പലിന്റെ ആദ്യ കമാന്‍ഡറായ ക്യാപ്റ്റന്‍ വില്ലി ആന്റണി, സ്വന്തം നാട്ടിലേക്ക് ആദ്യമായാണ് കപ്പലോടിക്കുന്നത്.

തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിക്ക് മര്‍ച്ചന്റ് നേവിയില്‍ 29 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. തന്റെ സ്വന്തം മണ്ണിലേക്ക് എം.എസ്.സി. ഐറിനയെ നയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വില്ലി ആന്റണി. ഭാര്യ തൃശൂര്‍ ഒളരി സ്വദേശി ഹില്‍ഡയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഏകമകന്‍ ബെന്‍ഹെയിലും വിഴിഞ്ഞം തുറമുഖത്തിന് മുന്‍പുള്ള സിംഗപ്പൂര്‍ യാത്ര വരെ ഐറിനയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 35 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യയില്‍ എം.എസ്.സി. ഐറിനയെപ്പോലുള്ള വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന ഏക തുറമുഖം വിഴിഞ്ഞം മാത്രമാണ്. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ചൈന, കൊറിയ എന്നീ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളിലുടെ സഞ്ചരിച്ചാണ് കപ്പല്‍ സിങ്കപ്പൂരിലെത്തിയത്. സിങ്കപ്പൂരില്‍നിന്ന് നേരിട്ടാണ് കപ്പല്‍ വിഴിഞ്ഞെത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ സ്‌പെയിന്‍, ഇറ്റലി എന്നിവടങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്കാണ് സഞ്ചാരം.

24,346 ടി.ഇ.യു. (ട്വന്റി ഫുട്ട് ഇക്വുവലന്റ് യൂണിറ്റ്) സംഭരണ ശേഷിയുള്ള എം.എസ്.സി. ഐറിന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നാണ്. ലൈബീരിയന്‍ പതാകയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന ഈ കപ്പലിന് 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. ചൈനീസ് ജിയാങ്‌സു യാങ്‌സിജിയാങ് ഷിപ്പ് ബില്‍ഡിങ് ഗ്രൂപ്പ് നിര്‍മിച്ച ആറ് കപ്പലുകളില്‍ ആദ്യത്തേതാണ് എം.എസ്.സി. ഐറിന. 

എം.എസ്.സി. ഒരു ആഗോള ഷിപ്പിങ് ഭീമനാണ്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി എസ്.സി (എം എസ്.സി) 1970ല്‍ ഇറ്റലിയില്‍ ജിയാന്‍ലൂയിജി അപ്പോണ്ടെ സ്ഥാപിച്ച ഒരു അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയാണ്. അപ്പോണ്ടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ആസ്ഥാനം 1978 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അവയവക്കടത്തിൽ നിർണായക വിവരം; നജീബിന്റെ 'കല്ലട്രാസ്' വഴി നടന്നത് സ്റ്റെമ്മ ക്ലബിന് സമാനം, വിദേശത്തേക്ക് മനുഷ്യക്കടത്തും നടന്നു ?
കോൺഗ്രസ് മുഖ്യമന്ത്രിയെ ഉറപ്പിച്ചു, എല്ലാ എംഎൽമാരും തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ