POCSO CASE : പ്രതി വീട്ടിലുണ്ടായിരുന്നു, പ്രാർത്ഥിച്ച് വീട്ടിൽ പോകാൻ പൊലീസ് പറഞ്ഞു; മലയിൻകീഴ് കേസ് പരാതിക്കാരി

By Web TeamFirst Published Dec 3, 2021, 12:57 PM IST
Highlights

ഇന്നലെ ഡിവൈഎസ്പി ഓഫീസിൽ മൊഴി നൽകിയപ്പോഴും തെറ്റായി വിവരങ്ങൾ എഴുതിയെന്നും പരാതിക്കാരി പറഞ്ഞു. തെറ്റായി എഴുതിയപ്പോൾ താൻ ആവശ്യപ്പെട്ട് തിരുത്തുകയായിരുന്നുവെന്നും അവർകൂട്ടിച്ചേർത്തു

തിരുവനന്തപുരം: മലയിൻകീഴ് പോക്സോ കേസിൽ (pocso case) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും അമ്മയെയും പ്രതിയുടെ വീട്ടിൽ വിട്ടതിൽ മലയിൻകീഴ് പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി റിപ്പോർട്ടിനെതിരെ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മ. റിപ്പോർട്ട് തെറ്റാണെന്ന് പരാതിക്കാരി പറഞ്ഞു. തന്നെയും മകളെയും വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ പ്രതി വീട്ടിൽ ഉണ്ടായിരുന്നുവെന്നും ദൈവത്തോട് പ്രാർത്ഥിച്ചു വീട്ടിൽ പോകാനാണ് പൊലീസ് തന്നോട് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''കാട്ടാക്കട ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ നീതി ലഭിക്കില്ല. തന്റെ പരാതി നേരിൽ കേൾക്കാനോ താൻ പറയുന്നത് മൊഴിയായി രേഖപ്പെടുത്താനോ കാട്ടാക്കട ഡിവൈഎസ്പി തയാറായിട്ടില്ല''. അങ്ങനെയുള്ള കാട്ടാക്കട ഡിവൈഎസ്പി അന്വേഷിച്ചാൽ നീതി കിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. 

ഇന്നലെ ഡിവൈഎസ്പി ഓഫീസിൽ മൊഴി നൽകിയപ്പോഴും തെറ്റായി വിവരങ്ങൾ എഴുതിയെന്നും പരാതിക്കാരി പറഞ്ഞു. തെറ്റായി എഴുതിയപ്പോൾ താൻ ആവശ്യപ്പെട്ട് തിരുത്തുകയായിരുന്നു. കാട്ടാക്കടക്ക് പുറത്തുള്ള ഉന്നത ഉദ്യോഗസ്ഥന് അന്വേഷണം കൈമാറണം. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മലയൻകീഴ് പൊലീസിനെ സംരക്ഷിക്കാനുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. 

പരാതിക്കാരിയായ അമ്മയുടെ ആവശ്യപ്രകാരമാണ് വാടകവീട്ടിലേക്ക് പോയതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഒരു വനിത പൊലീസുദ്യോഗസ്ഥയും ഇവർക്കൊപ്പം വീട്ടിലേക്ക് പോയെന്നും . 
വീട്ടിൽ പ്രതിയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് തിരികെയെത്തിയതെന്നും റിപ്പോർട്ടിലുണ്ട്. അടുത്ത ദിവസമാണ് പ്രതിയായ പരാതിക്കാരിയുടെ ഭർത്താവ് വീട്ടിലെത്തിയതെന്നുമാണ് റിപ്പോർട്ടിലുള്ളത്. 

മലയൻകീഴ് പോക്സോ കേസ്; സിഐ സൈജുവിൽ നിന്ന് വിശദീകരണം തേടി, നടപടി ഡിജിപിയുടെ ഇടപെടലിനെതുടർന്ന്

അതേ സമയം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്ന് മലയിൻകീഴ് പോക്സോ കേസിൽ തുടരന്വേഷണത്തിന് തീരുമാനിച്ചു. പൊലീസ് വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. കാട്ടാക്കട ഡി വൈ എസ് പിക്ക് ആണ് അന്വേഷണ ചുമതല നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛന്റ പീഡിപ്പിച്ചുവെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നിട്ടും  ഇരയെയും അമ്മയെയും പ്രതിയുടെ വീട്ടിൽ പാർപ്പിച്ചത് വീഴ്ചയാണ്. കുറ്റപത്രം നൽകിയ കേസിൽ തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കും.  പെൺകുട്ടിയുടെ അമ്മ രണ്ടാനച്ഛനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലും അന്വേഷണം നടത്തും. 

മലയിൻകീഴ് പോക്സോ കേസിൽ തുടരന്വേഷണം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആദ്യ റിപ്പോർട്ട്

 

click me!