Asianet News MalayalamAsianet News Malayalam

Police Atrocity : മലയിൻകീഴ് പോക്സോ കേസിൽ തുടരന്വേഷണം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആദ്യ റിപ്പോർട്ട്

കുറ്റപത്രം നൽകിയ കേസിൽ തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കും
ഇരയുടെ അമ്മയ്ക്കെതിരായ കേസിലും തുടരന്വേഷണം നടത്തും

malayinkeezh pocso case will re investigate
Author
Thiruvananthapuram, First Published Dec 3, 2021, 11:57 AM IST

തിരുവനന്തപുരം: മലയിൻകീഴ് പോക്സോ കേസിൽ(pocso case) തുടരന്വേഷണത്തിന് (re investigation)തീരുമാനം. പൊലീസ് വീഴ്ച ഉൾപ്പെടെ അന്വേഷിക്കും . കാട്ടാക്കട ഡി വൈ എസ് പിക്ക് ആണ് അന്വേഷണ ചുമതല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് തീരുമാനം. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛന്റ പീഡിപ്പിച്ചു എന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു, എന്നിട്ടും  ഇരയെയും അമ്മയെയും പ്രതിയുടെ വീട്ടിൽ പാർപ്പിച്ചത് വീഴ്ചയാണ്. കുറ്റപത്രം നൽകിയ കേസിൽ തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കും
ഇരയുടെ അമ്മയ്ക്കെതിരായ കേസിലും തുടരന്വേഷണം നടത്തും. ഇരയുടെ അമ്മ രണ്ടാനച്ഛനെ വധിക്കാൻ ശ്രമിച്ചെന്നാണ് അമ്മക്കെതിരായ കേസ്. 

അതേസമയം മലയൻകീഴ് സി ഐ ഉൾപ്പെടെ ആദ്യം കേസ് അന്വേഷിച്ചവർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആദ്യ അന്വേഷ‌ണ റിപ്പോർട്ട്.
ഇരയും അമ്മയെയും പ്രതിയുടെ വീട്ടിൽ വിട്ടതിൽ മലയിൻകീഴ് പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോർട്ട് പറയുന്നു. പരാതിക്കാരിയായ അമ്മയുടെ ആവശ്യപ്രകാരമാണ് വാടകവീട്ടിലേക്ക് പോയത്.ഒരു വനിത പൊലീസുദ്യോഗസ്ഥയും വീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ പ്രതിയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് തിരികെയെത്തിയത്. ആഭരണങ്ങൾ ഉൾപ്പെടെ ഉള്ളതിനാൽ വീട്ടിൽ തന്നെ പോണമെന്ന് പരാതിക്കാരി നിർബന്ധിച്ചു വെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. അടുത്ത ദിവസമാണ് പരാതിക്കാരിയുടെ ഭർത്താവ് വീട്ടിലെത്തിയതെന്നും റിപ്പോർട്ട് പറയുന്നു.

പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച പൊലീസ് ക്രൂരത അന്വേഷിക്കാൻ ഇന്നലെ ഡി ജി പിയാണ് ഉത്തരവിട്ടത്. . സംഭവത്തെ കുറിച്ച് മലയിൻകീഴ് സി ഐ സൈജുവിനെ റൂറൽ എസ് പി വിളിപ്പിച്ചു. വീഴ്ചയിൽ വിശദീകരണവും തേടിയിരുന്നു. ഇതിന് ശേഷമാണ് പൊലീസിന് അനുകൂലമായ റിപ്പോർടട് നൽകിയത്. 

പോക്സോ കേസിലെ പ്രതി കൺമുന്നിലുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പൊലീസ്, ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിൻറെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസം ആണ് ഈ അമ്മ ജയിലിൽ കിടന്നത്

ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചു.ഈ കേസിലായിരുന്നു അമ്മയെ അറസ്റ്റ് ചെയ്തത്. 

മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് പീ‍ഡിപ്പിച്ചുവെന്നാണ് പരാതി.സംഭവം നടന്ന ശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി പറയുന്നു

രണ്ട് തവണ വധശ്രമമുണ്ടായെന്നും പരാതിപ്പെടുന്നു.മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തതോടെ പ്രശ്നം വഷളായി.സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകി. ഇതന്വേഷിക്കാൻ മലയിൻകീഴ് പൊലീസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം പൊലീസിനെ യുവതി അറിയിക്കുന്നത്. ആഗസ്റ്റ് 31ന്.അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിർത്തി പൊലീസ് കടന്നു.

പൊലീസ് വീട്ടിലെത്തിച്ച അതെ ദിവസമാണ് ഭർത്താവ് ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നതും എയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുന്നതും.സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ആറുവയസുകാരിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പൊലീസ് പോക്സോ കേസ് പ്രതിക്ക് പരിക്കേറ്റകേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്തു.

പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാൽ വധശ്രമകേസിൽ നാൽപത്തിയഞ്ച് ദിവസം ജയിൽവാസം നേരിടേണ്ടി വന്ന ദുരവസ്ഥയിലേക്ക് മുംബൈ യുവതിയെ എറിഞ്ഞു കൊടുത്ത പൊലീസ് വീഴ്ചയാണ് കുറ്റകരം.മാനസിക സംഘർഷം അനുഭവിക്കുന്നതിനിടെ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയിൽ നിന്നും അകറ്റപ്പെട്ടു.


 

Follow Us:
Download App:
  • android
  • ios