
തൃശ്ശൂര്‍: കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികൾ പാളുന്നെന്നാണ് മല്ലിക സാരാഭായ് തുറന്നടിച്ചത്. കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ ആകർഷണം നഷ്ടമായി. വളർച്ചയ്ക്ക് വിഘാതം ജീവനക്കാരുടെ പിടിപ്പുകേടാണെന്നും മല്ലിക സാരാഭായ് കുറ്റപ്പെടുത്തുന്നു. 50 വർഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥനും. ഉദ്യോഗസ്ഥർക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും കുറ്റപ്പെടുത്തിയ മല്ലിക, മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇരു മുന്നണികളും കലാമണ്ഡലത്തില്‍ പാർട്ടി പ്രവർത്തകരെ തിരുകിക്കയറ്റി. രാഷ്ട്രീയ നിയമനം ആയതിനാൽ ജോലി ചെയ്തില്ലെങ്കിലും ഒന്നും ചെയ്യാനാകില്ല. മാറ്റം കൊണ്ടുവരാനാണ് ഇപ്പോൾ എങ്കിലും തുറന്ന് സംസാരിക്കുന്നതെന്നും മല്ലിക സാരാഭായ് കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമനങ്ങളെ ചോദ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ഒന്നും അറിയില്ല എന്ന മറുപടിയാണ് അധികാര ശ്രേണിയിലിരിക്കുന്നവരിൽ നിന്നും ലഭിക്കുന്നത്. പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പല തവണ ചർച്ച നടത്തി, അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിലും സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും കേരളത്തിൽ എത്തുമ്പോൾ വ്യത്യാസം പ്രകടമാണ്. 30 വർഷം അവിടുത്തെ സർക്കാരിനോട് പൊരുതി നിന്ന് ഒരാളാണ് ഞാൻ. ചാൻസലർ എന്ന നിലയ്ക്ക് സ്വാതന്ത്രത്തോടെ പ്രവർത്തിക്കാനായിട്ടുണ്ടെന്നും മല്ലിക സാരാഭായ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam