'എന്‍റെ കൂടെ ഇങ്ങനെ നിൽക്കുന്നത് എന്തിനാണ്', സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി; 'മാറി നിന്നാൽ മതി'

Published : Mar 07, 2026, 08:14 PM ISTUpdated : Mar 07, 2026, 08:15 PM IST
MAMMOOTTY CPM

Synopsis

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ നടൻ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു. താൻ പാർട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നും അതിനാൽ മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ ആണ് സി പി എം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. 'നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി' എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തു. വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് കാണാനായി ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്. അധികൃതരോട് കാര്യങ്ങൾ തിരക്കിയും വിദ്യാർത്ഥികളോട് അടക്കം കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി വയനാട്ടിൽ നിന്നും മടങ്ങിയത്. ഏതാനും ചില വീടുകളും താരം സന്ദർശിച്ചിരുന്നു. കേരളത്തിന്‍റെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേർത്തുപിടിച്ചതാണ് ഇതെന്നും അഭിപ്രായപ്പെട്ട ശേഷമായിരുന്നു മമ്മൂട്ടി മടങ്ങിയത്.

ഇത് കേരളത്തിന്‍റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍

'ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്‍റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്', എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തിയ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. ‘അതിജീവനത്തിന്റെ പുതുചരിത്രം രചിച്ചുകൊണ്ട് നാം പണിതുയർത്തിയ വയനാട് ടൗൺഷിപ്പ് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പ്രിയ മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചിരിക്കുന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കരുത്തിൽ പുതുജീവിതം ആരംഭിക്കാനിരിക്കുന്ന ടൗൺഷിപ്പ് നിവാസികൾക്ക് വലിയ ആവേശം പകരുന്നതാണ് മമ്മൂട്ടിയുടെ സന്ദർശനം. ടൗൺഷിപ്പിന്റെ അടുത്ത ഘട്ടങ്ങൾ പൂർത്തീകരിച്ചു മുന്നേറേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കാൻ പ്രചോദനവും പിന്തുണയും നൽകിയ മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് മുഖ്യമന്ത്രി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിണറായി എന്‍റെ നാട്ടുകാരൻ എന്ന് പറയാൻ ലജ്ജയുണ്ട്, ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ, ജനരോഷം ഇരമ്പും'; പുതുയുഗയാത്രയുടെ സമാപന വേദിയിൽ ആഞ്ഞടിച്ച് നേതാക്കൾ
അപൂർവ്വ ശസ്ത്രക്രിയ, ചേർത്തലയിൽ 66കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ