
മാന്നാർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും മാട്രിമോണി വഴി വിവാഹവാഗ്ദാനം നൽകിയും നിരവധി പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി പി കെ സലീമിനെയാണ് (48) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇയാളെ ചെങ്ങന്നൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്രമാധ്യമങ്ങളിലൂടെ ഈ വാർത്തയും പ്രതിയുടെ ചിത്രവും ശ്രദ്ധയിൽപ്പെട്ട മാന്നാർ സ്വദേശികളായ രണ്ടുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. മാട്രിമോണിയിൽ വരനെ തേടിയുള്ള പരസ്യങ്ങളിൽനിന്ന് യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് അവരുമായി ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് കുടുംബവുമായി അടുപ്പമുണ്ടാക്കി വിശ്വാസം നേടിയെടുക്കുകയുമാണ് ഇയാളുടെ രീതി.
വിവാഹവാഗ്ദാനത്തിന് പുറമെ യുവതികളുടെ ബന്ധുക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻതുക തട്ടിയെടുക്കും. വിവാഹമോചനം നേടി പുനർവിവാഹത്തിന് പരസ്യം നൽകുന്ന സ്ത്രീകളെയാണ് തട്ടിപ്പിനായി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പരിചയപ്പെടുന്നതിനും അടുപ്പത്തിലാകുന്നതിനും 'കണ്ണൻ' എന്ന വ്യാജപേരാണ് ഉപയോഗിച്ചിരുന്നത്. വാഗ്ദാനം ചെയ്ത ജോലിയോ വിവാഹമോ നടക്കാതെ വരുമ്പോൾ, മുൻപ് അയച്ച സന്ദേശങ്ങൾ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാന്നാർ, ചെങ്ങന്നൂർ, തൃക്കുന്നപ്പുഴ തുടങ്ങി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam