പൊലീസ് സ്റ്റേഷനിലേക്ക് വന്ന അസാധാരണ ഫോൺ കോൾ; പിന്നാലെ സമയോചിതമായ ഇടപെടൽ; യുവാവ് മരണത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക്

Published : Aug 03, 2025, 08:29 PM IST
Vadanappally Police station

Synopsis

തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് വാടാനപ്പള്ളി പൊലീസ്

തൃശൂര്‍: 'ഞാന്‍ മരിക്കാന്‍ പോവുകയാണ്', വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം രാത്രി വന്ന ഫോൺ കോളിൽ മറുതലയ്ക്കൽ നിന്നുള്ള സംസാരം ഇങ്ങനെയാണ് തുടങ്ങിയത്. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സൗമ്യ പക്ഷെ പതറിയില്ല. ഫോൺ ചെയ്‌ത യുവാവിനെ സമാധാനിപ്പിച്ച് നിർത്തിയ അവർ, അധികം വൈകാതെ കോൾ സീനിയർ സിപിഒ ഫിറോസിന് നൽകി. മരിക്കാൻ തീരുമാനിച്ചുറപ്പിച്ച് നിന്ന ആ യുവാവിനെ വാടാനപ്പള്ളി പൊലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

ഫോൺ ചെയ്‌ത യുവാവിൽ നിന്നും അദ്ദേഹത്തിൻ്റെ മൊബൈൽ നമ്പർ വാങ്ങിയ ഫിറോസ്, ഇദ്ദേഹത്തെ വീഡിയോ കോൾ ചെയ്‌തു. കയർ കുരുക്കി തൂങ്ങിമരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു യുവാവ്. ഇതേ സമയം തന്നെ ഈ വിവരം വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ ബി ഷൈജുവിനും കൈമാറി. യുവാവിൻ്റെ ഫോൺ നമ്പർ ലൊക്കേഷൻ കണ്ടെത്തിയ ഉടൻ ഫിറോസും സി.പി.ഒമാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യം എന്നിവരും ഇയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു.

തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. പൊലീസുകാർ ഇവിടെയെത്തുമ്പോൾ വീടിനകത്ത് ഒരു മുറിയിൽ മാത്രമാണ് ബൾബ് തെളിഞ്ഞിരുന്നത്. പൊലീസുകാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും യുവാവ് തുറക്കാൻ തയ്യാറായില്ല. ഇതോടെ ലൈറ്റുള്ള മുറിയുടെ ജനല്‍ പൊട്ടിച്ചു. യുവാവ് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്ന പോലീസ് സംഘം തൂങ്ങാന്‍ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി. യുവാവിന് സി.പി.ആര്‍ നല്‍കി. അധികം വൈകാതെ ആംബുലന്‍സ് വിളിച്ചുവരുത്തി വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു, പ്രാഥമിക ചികിത്സ നല്‍കി. കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിന്റെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ സഹകരണവും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. ഇപ്പോള്‍ യുവാവ് സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തി. യുവാവിൻ്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം