
പാലക്കാട്: പാലക്കാട് മാങ്കുറുശ്ശിയിൽ വയോധികരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പങ്കജയെ കൊലപ്പെടുത്തി രാജൻ ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കി പൊലീസ്. പങ്കജയെ രാജന്‍ തലയണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാജൻ തൂങ്ങി മരിച്ചു. കൊലപ്പെടുത്തിയത് പങ്കജയുടെ സമ്മതത്തോടെയാണെന്നും. അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. ഇരുവരെയും ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തെ വീട്ടിലെ മുറിയിലും രാജനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിന്‍റെ മുകൾ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ശ്വാസം മുട്ടിച്ചാണ് പങ്കജയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. രാജൻ മരിക്കും മുമ്പ് കുറിപ്പെഴുതി ചുവരിൽ ഒട്ടിച്ചു വെച്ചിരുന്നു. പങ്കജയുടെ മറവി രോഗം മക്കൾക്ക് ഭാരമാകരുതെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പങ്കജയെ കൊലപ്പെടുത്തി ഞാനും മരിക്കുന്നുവെന്നും കുറിപ്പ് രാജന്‍ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)