കെഎസ്ആ‌ർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു

By Web TeamFirst Published Mar 4, 2020, 4:41 PM IST
Highlights

കിഴക്കേകോട്ട ബസ് സ്റ്റാന്‍റില്‍ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തിരുവനന്തപുരം: കെഎസ്ആ‌ർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണ് മരിച്ചത്. കിഴക്കേകോട്ടയിൽ നിന്നും ജനറൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്. കിഴക്കേകോട്ട ബസ് സ്റ്റാന്‍റില്‍ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അതേസമയം, മിന്നൽ പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കെഎസ്ആ‌ർടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് മാർച്ച് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടര്‍ന്ന് രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് നടുറോഡില്‍ കുടുങ്ങിയത്. നഗര, ദീർഘദൂര സർവീസുകൾ നിർത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരം നിശ്ചലമായത്. എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആ‌ർടിസി ജീവനക്കാര്‍ പണിമുടക്കിയത്. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തയ്യാറായത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. 

Also Read: തലസ്ഥാനം സ്തംഭിച്ചത് നാല് മണിക്കൂര്‍; കെഎസ്ആ‌ർടിസി സമരം പിന്‍വലിച്ചു

click me!