തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആ‌ർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്. നഗര, ദീർഘദൂര സർവീസുകൾ നിർത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരം നിശ്ചലമായത്. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയത്. അക്ഷമരായ യാത്രക്കാർ തമ്പാനൂരിൽ റോഡ് ഉപരോധിച്ചു. കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡിൽ യാത്രക്കാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. മറ്റ് വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. കെഎസ്ആ‌ർടിസി സമരം പിന്‍വലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ആദ്യം സര്‍വീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതി എന്ന നിലപാടിലാണ് യാത്രക്കാര്‍. പ്രതിഷേധിക്കുന്ന യാത്രക്കാരെ അനുനയിപ്പിച്ച് ഗതാഗത കുരുക്ക് നീക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുന്നുണ്ട്. 

എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആ‌ർടിസി ജീവനക്കാര്‍ പണിമുടക്കിയത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം സിറ്റി സർവ്വീസുകളാണ് നിർത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും തടയുകയായിരുന്നു.