നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു 

By Web TeamFirst Published Sep 9, 2022, 6:20 PM IST
Highlights

മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ത്ഥി പടിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

മലപ്പുറം : നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ത്ഥി പടിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്‍റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. 

സമാനമായ രീതിയിൽ തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനി (35) ക്ക് ആണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

കേരളത്തിൽ തെരുവ് നായ പ്രശ്നം അതിരൂക്ഷമാണ്. വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും ഇന്ന് ശക്തമായ ഇടപെടലുണ്ടായി. തെരുവുനായ വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന്  അറിയിച്ച സുപ്രീംകോടതി, തെരുവുനായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുൾപ്പടെ നല്കിയ ഹർജികളിൽ ഈ മാസം 28 ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം പഠിച്ച ജസ്റ്റിസ് സിരിജഗൻ കമ്മീഷനിൽ നിന്ന് റിപ്പോർട്ട് തേടാനും കോടതി തീരുമാനിച്ചു.

കേരളത്തിലെ തെരുവ് നായ ശല്യത്തിനെതിരെയുള്ള ഹർജികളാണ് പ്രധാനമായും ജസ്റ്റിസ് സഞ്ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഹർജിക്കാർക്കും മൃഗസ്നേഹികളുടെ സംഘടനകൾക്കും ഇടയിൽ രൂക്ഷ വാദപ്രതിവാദാണ് കോടതിയിൽ നടന്നത്. പേവിഷബാധയ്ക്കെതിരായ വാക്സീൻ എടുത്ത ശേഷവും ആളുകൾ മരിക്കുന്ന സാഹചര്യം ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ.വി.കെ ബിജു കോടതിയെ അറിയിച്ചു. നായകളെ കൊല്ലാനാകില്ലെന്ന നിയമം നടപ്പാക്കണമെന്ന് മൃഗസ്നേഹികൾ വാദിച്ചു. എന്നാൽ അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസമില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്ന് ഹർജിക്കാർ തിരിച്ചടിച്ചു. താനും ഒരു നായസ്നേഹിയാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഖന്ന അപകടകാരികളായ നായകളെയും, പേവിഷ ബാധിച്ച നായകളേയും പ്രത്യേക കേന്ദ്രങ്ങളിലാക്കിക്കൂടെ എന്ന് ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. 

നിയമവിരുദ്ധമായി നായകളെ തെരുവിൽ കളയാൻ ആർക്കും അവകാശമില്ല. തെരുവ് നായ ശല്യം ഉണ്ടെന്ന കാര്യം അംഗീകരിച്ചേ മതിയാകൂവെന്നും കോടതി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്ന് വ്യക്തമാക്കിയ കോടതി, എല്ലാ കക്ഷികളോടും മൂന്ന് പേജിൽ കൂടാത്ത നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ഈ മാസം 28 ന് പ്രശ്നപരിഹാരത്തിനുള്ള ഇടക്കാല ഉത്തരവ് നല്കും. തെരുവു നായ ശല്യത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മീഷന്റെ റിപ്പോർട്ട് തേടണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. 

 

click me!