
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി. അയർക്കുന്നം ഇളപ്പാനിയിൽ ആണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അൽപ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നു എന്ന് ഇയാൾ സമ്മതിച്ചു.
നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാൾ നിലവിൽ ജോലി ചെയ്യുന്ന ഒരു വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടുണ്ട് എന്നാണ് മൊഴി. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു. ഇയാൾ പറഞ്ഞ സ്ഥലത്ത് കുഴിച്ചു പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു.