കാണാതായ ഭിന്നശേഷിക്കാരനായ മധ്യവയസ്ക്കനെ ഗോഡൗണില്‍ കണ്ടെത്തി; ദുരൂഹത

By Web TeamFirst Published Jan 17, 2021, 2:07 PM IST
Highlights

പാറാശാല സ്വദേശി സരസ്വതിയെയും ഭർത്താവിന്‍റെ സഹോദരൻ നാഗേന്ദ്രനെയും വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതാകുന്നത്. പലിശക്കാരുടെ ശല്യംകാരണം നാഗേന്ദ്രനൊപ്പം ആത്മഹത്യ ചെയ്തുവെന്ന ആത്മഹത്യ കുറിപ്പ് സരസ്വതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

പാറശാല: തിരുവനന്തപുരം പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ രണ്ടു ദിവസം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മധ്യവയസ്ക്കനെ വീടിന് അടുത്തുള്ള ഗോഡൗണിൽ നിന്ന് കണ്ടെത്തി. ഇയാൾക്കൊപ്പം കാണാതായ സഹോദര ഭാര്യയുടെ മൃതദേഹം വെള്ളിയാഴ്ച കുളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. പരസഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത നാഗേന്ദ്രനെ രണ്ടു ദിവസത്തിനുശേഷം  ഗോഡൗണിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

പാറാശാല സ്വദേശി സരസ്വതിയെയും ഭർത്താവിന്‍റെ സഹോദരൻ നാഗേന്ദ്രനെയും വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതാകുന്നത്. പലിശക്കാരുടെ ശല്യംകാരണം നാഗേന്ദ്രനൊപ്പം ആത്മഹത്യ ചെയ്തുവെന്ന ആത്മഹത്യ കുറിപ്പ് സരസ്വതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഭിന്നശേഷിക്കാരാനായ നാഗേന്ദ്രനെ സംരക്ഷിച്ചിരുന്നത് സരസ്വതിയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന നടത്തിയ പരിശോധനയിൽ വീടിന് സമീപമുള്ള കുളത്തിൽ നിന്ന് സരസ്വതിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയെങ്കിലും നാഗേന്ദ്രനെ കണ്ടെത്താനായിരുന്നില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീടിന് അമ്പത് മീറ്റർ മാറിയുള്ള ഒരു ക്ഷേത്രത്തിൻറെ ഗോഡൗണിൽ നാഗേന്ദ്രനെ കണ്ടെത്തിയത്. ഇതേ സ്ഥലത്ത് ഇന്നലെയും പരിശോധന നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

മറ്റൊരാളുടെ സഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത നാഗേന്ദ്രനെ മറ്റാരോ ഇവിടെ ഇന്നലെ രാത്രി ഇവിടെ എത്തിച്ചതാണെന്നാണ് സംശയം. നാഗേന്ദ്രനെ പാറശാല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നാഗേന്ദ്രനിൽ നിന്ന് കാര്യങ്ങള്‍ ചോദിച്ച മനസിലാക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. സരസ്വതി പണം നല്‍കാനുള്ളവരെയും ചില സമീപവാസികളുമില്ലാം പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 

click me!