മാനസയുടെ കൊലപാതകം പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലെന്ന് പൊലീസ്

Published : Jul 30, 2021, 05:54 PM ISTUpdated : Jul 30, 2021, 06:44 PM IST
മാനസയുടെ കൊലപാതകം പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലെന്ന് പൊലീസ്

Synopsis

ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം

കോതമംഗലം: ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണം പ്രണയത്തിന്റെ പേരിലുള്ള തർക്കമെന്ന് പൊലീസ്. തലശേരി സ്വദേശിയായ രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്ന് രാഖിൽ എത്തിയത്. 'നീയെന്തിന് ഇവിടെ വന്നു?' എന്നായിരുന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.

ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.

കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് ഇയാൾ വന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍