
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുള്ള മണ്ഡലമാണ് പാലാ. രാഷ്ട്രീയ ചരിത്രവും വ്യക്തിത്വങ്ങളും കുടിയേറ്റ കർഷകരുടെ ആത്മവിശ്വാസവും ഇഴചേർന്ന മണ്ണാണിത്. ഒരു കാലത്ത് കേരള കോൺഗ്രസിൻ്റെ കുത്തകയായിരുന്ന മണ്ഡലം. കേരള കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് പാലായുടെ ചരിത്രം എഴുതാനാവില്ല. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട ഈ പാർട്ടി പാലായുടെ ശബ്ദമായി മാറി. എന്നാൽ കാലക്രമേണയുണ്ടായ ആഭ്യന്തര കലഹങ്ങളും നേതൃതർക്കങ്ങളും പാർട്ടിയെ പല കഷണങ്ങളാക്കി. ഇന്ന് എൽഡിഎഫിലും യുഡിഎഫിലുമായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പൂകൾ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.
മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പാലാ നിയമസഭ മണ്ഡലം.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങൾ, സ്ഥാപനങ്ങളുടെ വളർച്ച എന്നിവയിലാണ് ഇവിടുത്തെ വോട്ടർമാർക്ക് താല്പര്യം. അതുകൊണ്ടു തന്നെ വിലപേശാൻ ശേഷിയുള്ള നേതൃത്വത്തെയാണ് പാലാ മണ്ഡലം ആഗ്രഹിക്കുന്നത്. ഒരുകാലത്ത് ഇടതുപക്ഷത്തിന് പ്രവേശനമുണ്ടായിരുന്നില്ല പാലായിൽ. എന്നാൽ ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് മണ്ഡലത്തിലുണ്ടായ മാനസികമായ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ചരിത്രം
1965 മുതൽ 2019 വരെ 13 തവണ തുടർച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെഎം മാണിയാണ്. ഇദ്ദേഹത്തിന്റെ റെക്കോർഡ് വിജയം മണ്ഡലത്തെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമാക്കുകയായിരുന്നു. 2019-ൽ കെഎം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജോസ് കെ മാണിയെ പരാജയപ്പെടുത്തി മാണി സി കാപ്പൻ ചരിത്രപരമായ വിജയം നേടുകയായിരുന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിലെത്തിയതിനെത്തുടർന്ന്, യുഡിഎഫ് വിട്ട മാണി സി. കാപ്പൻ എൻസികെ സ്ഥാനാർത്ഥിയായി മത്സരിക്കുകയും 2021-ൽ വീണ്ടും വിജയിക്കുകയും ചെയ്യുകയായിരുന്നു. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായിരുന്ന ജോസ് കെ മാണിയെയായിരുന്നു കാപ്പൻ പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിൽ 15, 378 വോട്ടിൻ്റെ ഭൂരിപക്ഷമാണ് കാപ്പൻ നേടിയത്.
വികസനം
ഏഴ് വർഷം എംഎൽഎയായിരുന്ന മാണി സി കാപ്പൻ മണ്ഡലത്തിൽ എന്തുചെയ്തു. രാജ്യസഭാംഗമായ ജോസ് കെ മാണി പാലായ്ക്ക് എന്തു നൽകി എന്നൊക്കെയായിരിക്കും ജനം ഈ തെരഞ്ഞെടുപ്പിൽ വിലയിരുത്തുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം കേരളത്തിലെ മറ്റ് നിയോജനക മണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ. കഴിഞ്ഞ ആറര വർഷമായി പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സൽപ്പേരാണെന്ന് വിശ്വസിക്കുന്നവരും മണ്ഡലത്തിലുണ്ട്. പാലായുടെ രാഷ്ട്രീയം ഇന്ന് കലുഷിതമാണ്. വികസന പദ്ധതികളില്ലെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ വികസനത്തിന് ജോസ് കെ മാണിയും കൂട്ടരും തടസ്സം നിൽക്കുകയാണെന്ന മറു ആരോപണമാണ് യുഎഡിഎഫ് ഉയർത്തുന്നത്. മുമ്പ് തുടങ്ങിവെച്ച വികസന പ്രവർത്തനം പോലും തുടർന്നുകൊണ്ടുപോകുന്നതിൽ എംഎൽഎ അനാസ്ഥ കാണിക്കുന്നുവെന്നാണ് എൽഡിഎഫ് മണ്ഡലത്തിൽ ആരോപിക്കുന്നത്.
സ്ഥാനാർഥികൾ
ആറു വർഷമായി എംഎൽഎ സ്ഥാനം വഹിക്കുന്ന മാണി സി കാപ്പൻ തന്നെയാണ് ഇപ്രാവശ്യവും രംഗത്ത് ഇറങ്ങുന്നത്. ഇടതു മുന്നണിക്കുവേണ്ടി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഇത്തവണയും രംഗത്തിറങ്ങും. കെഎം മാണി പതിറ്റാണ്ടുകളായി കൈവെള്ളയിൽ കൊണ്ടു നടന്ന മണ്ഡലത്തെ അങ്ങിനെ കൈവിടാൻ ജെസി കെ മാണിക്ക് പറ്റില്ല. എൻഡിഎയുടെ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജാണ് രംഗത്ത് ഇറങ്ങുന്നത്. ഇത്തവണ പാലായിൽ പോരാട്ടം കനക്കും.
വികസന രേഖയുമായി ജോസ് കെ മാണി
കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം വികസന നേട്ടങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും തമ്മിലാണ്. സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പനും എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയും നേർക്കുനേർ വരുമ്പോൾ ബിജെപി സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ സാന്നിധ്യം മണ്ഡലത്തിലെ വിജയസമവാക്യങ്ങളെ മാറ്റിമറിച്ചേക്കാം. മാണി സി കാപ്പന്റെ ഭരണകാലത്തെ വികസന മുരടിപ്പ് വോട്ടർമാർക്കിടയിൽ ചർച്ചയാക്കുമ്പോൾ, തന്റെ പാർലമെന്ററി ജീവിതത്തിലെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയാണ് ജോസ് കെ മാണി പ്രതിരോധിക്കുന്നത്. രാജ്യസഭാംഗമെന്ന നിലയിൽ മണ്ഡലത്തിന് നൽകിയ വികസനത്തുടർച്ച എൽഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), സയൻസ് സിറ്റി, മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (IIMC), ഏകലവ്യ മോഡൽ സ്കൂൾ. പാലാ ജനറൽ ആശുപത്രിയിലെ കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ലാബ്, കാൻസർ സെന്റർ.
കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം, രണ്ടാം കേന്ദ്രീയ വിദ്യാലയം, രണ്ട് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ, ഗ്രാമീണ റോഡുകളുടെ നവീകരണം. ഇതെല്ലാം മണ്ഡലത്തിൽ എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന വനികസന പ്രവർത്തനങ്ങളാണ്.
ഷോൺ ജോർജ് ഘടകവും യുഡിഎഫിന്റെ ആശങ്കയും
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം ആർക്ക് തിരിച്ചടിയാകുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. മുൻപ് എൻ ഹരി മത്സരിച്ചപ്പോൾ ബിജെപിക്ക് 25,000 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ ബിജെപി വോട്ടുകളിൽ 16,000 വോട്ടിന്റെ കുറവുണ്ടായതാണ് മാണി സി കാപ്പന്റെ വിജയത്തിൽ നിർണ്ണായകമായത്. ഇത്തവണ ഷോൺ ജോർജ് ശക്തമായി രംഗത്തുള്ളതിനാൽ ബിജെപി വോട്ടുകൾ കൃത്യമായി പെട്ടിയിലാകുമെന്ന് എൻഡിഎ കരുതുന്നു. മാണി സി കാപ്പന്റെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ ഷോൺ പിടിക്കുന്ന ഓരോ വോട്ടും കാപ്പന്റെ ഭൂരിപക്ഷത്തെ നേരിട്ട് ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam