
തിരുവനന്തപുരം: ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ച് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാരായ യുവാക്കള്‍. മണിയൻപിള്ള രാജുവിൻറ കാറിടിച്ച് പരിക്കേറ്റ നിദേവിനെയും സൂരജിനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് വിധേയരാക്കി. എൽഎൽബി വിദ്യാർത്ഥിയായ നിദേവി ഇടതുകാലിന് പൊട്ടലുണ്ട്. ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്‍റെ തുടയെല്ലിനാണ് പൊട്ടൽ. രാജുവിന്‍റെ കാർ ഇടിച്ചശേഷം നിർത്താതെ പോയെന്നും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്‍ വേഗത്തിൽ വന്ന് ബൈക്കിലിടിക്കുകയായിരുന്നുവെന്നും തങ്ങള്‍ തെറിച്ചുവീണെന്നും പരിക്കേറ്റ നിദേവ് പറഞ്ഞു. രാത്രി അസൈൻമെന്‍റ് വാങ്ങുന്നതിനായാണ് സുഹൃത്തിനൊപ്പം ബൈക്കിൽ പിജിയിൽ താമസിക്കുന്ന സുഹൃത്തിന്‍റെ അടുത്തേക്ക് പോയത്. തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കവടിയാര്‍, വഴുതക്കാട് വഴിയാണ് തിരിച്ചുവന്നത്. ഇതിനിടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ച് കാര്‍ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്‍റെ ലൈറ്റ് കണ്ടിരുന്നു. അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു.
എന്നാൽ, തങ്ങള്‍ അവിടെ എത്തിയിട്ടും കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്നും നിദേവ് പറഞ്ഞു. അപകടശേഷം കാര്‍ ബൈക്ക് നിരക്കികൊണ്ടുപോയി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും നിദേവ് പറഞ്ഞു. ഇടിച്ചശേഷം രാജു കാർ നിർത്താതെ പോയെന്ന് പരിക്കേറ്റ സൂരജ് പറഞ്ഞു. കുറെ നേരം റോഡിൽ കിടന്നുവെന്നും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പരിക്കേറ്റ സൂരജ് പറഞ്ഞു. അതേസമയം, ബൈക്കാണ് കാറിലിടിച്ചതെന്നും ഭയം കൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് മണിയൻപിള്ള രാജു പറയുന്നത്. അപകടത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണുണ്ടായത്.
അപകടമുണ്ടാക്കിയ വാഹനം മണിയൻപിള്ള രാജുവിന്‍റേതാണെന്ന് വ്യക്തമായിട്ടും രാത്രി തന്നെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയമാക്കിയില്ല. 12 മണിക്കൂറിനുശേഷമാണ് മണിയൻപിള്ള രാജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതും. സംഭവത്തിൽ പൊലീസ് അട്ടിമറിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ട്രിവാൻഡ്രം ക്ലബ് റോഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിവരുന്ന കാര്‍ യുവാക്കളുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ അപകടമുണ്ടാക്കിയ മണിയൻപിള്ള രാജുവിന്‍റെ വോള്‍വോ കാര്‍ ടെന്നീസ് ക്ലബ്ബിന്‍റെ പിൻഭാഗത്തുനിന്നും പൊലീസ് കണ്ടെത്തി. കാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam