
തിരുവനന്തപുരം: മണിയൻ പിള്ള രാജുവിൻ്റെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് ശേഷം പൊലീസ് നടപടികളിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. അപകടം ഉണ്ടാക്കിയ മണിയൻപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. കൂടാതെ രാത്രി നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമവും പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല. മദ്യപിച്ചിട്ടുണ്ടോ എന്ന വൈദ്യപരിശോധന 12 മണിക്കൂർ വൈകിയാണ് പൊലീസ് നടത്തിയത്. ഇതോടെ കേസ് അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിന്നോ എന്ന ആക്ഷേപമാണ് ഉയരുന്നത്. എട്ട് മണിക്കൂറിന് ശേഷമുള്ള വൈദ്യപരിശോധന കൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന വിഷയം അന്വേഷിക്കുമെന്ന് കമ്മീഷണർ കെ കാർത്തിക് പറഞ്ഞു. വിശദമായ പരിശോധന നടത്തും. രാത്രി തന്നെ പൊലീസ് രാജുവിൻ്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കാർ കണ്ടില്ലെന്നും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും കെ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ ഇക്കാര്യത്തിൽ രാജു മാധ്യമങ്ങളോട് പറഞ്ഞത് വിരുദ്ധമായാണ്. പൊലീസ് വീട്ടിൽ വന്നു തന്നെ കണ്ടുവെന്നും രോഗിയാണെന്ന് പറഞ്ഞെന്നുമാണ് രാജുവിന്റെ പ്രതികരണം. ഭാര്യ, വീട്ടിൽ ഒറ്റയ്ക്കാണ്. രാത്രി സ്റ്റേഷനിൽ വരേണ്ടെന്നും ഇന്ന് വന്നാൽ മതിയെന്നും പറഞ്ഞാണ് പൊലീസ് തിരിച്ചു പോയതെന്നും രാജു പറഞ്ഞിരുന്നു. ഇതോടെ കൃത്യസമയത്ത് വൈദ്യ പരിശോധന നടക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പൊലീസ് ചെയ്തത്.
ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം ലഭിച്ചു. മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു മ്യൂസിയം പൊലീസ്. അതിനിടെ, അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. മണിയൻപിള്ള രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തിയത്.
ട്രിവാൻഡ്രം ക്ലബിൽ നിന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. അതേസമയം, യുവാക്കള്‍ തന്‍റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് രാജുവിന്‍റെ മൊഴി. താൻ ഒരു ക്യാൻസര്‍ രോഗിയാണെന്നും വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam