
മഞ്ചേരി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതത്തിന്റെ 'ഉച്ചിയില്‍' കയറി സ്വന്തം രാജ്യത്തിന്റെ പതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുമ്പോള്‍ സുഹ്‌റയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അക്കാലമത്രയും മനസില്‍ തിളച്ചു കൊണ്ടേയിരുന്ന ആഗ്രഹമാണ് സഫലമായിരിക്കുന്നത്. അതേ സാഹസികരുടെ പ്രയത്‌നങ്ങള്‍ ഒരിക്കലും വെറുതെയാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മഞ്ചേരി സ്വദേശിനി സുഹ്‌റ ചെരുക്കപ്പള്ളി. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയായി ചരിത്രത്താളുകളിലും ഇടംപിടിച്ചിരിക്കുകയാണ് രണ്ട് കുട്ടികളുടെ മാതാവായ ഈ 42-കാരി. ഇതിനു മുമ്പ് സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രന്‍ എന്നിവരാണ് എവറസ്റ്റിന് മുകളിലെത്തിയ മറ്റു മലയാളി വനിതകള്‍. എവറസ്റ്റില്‍ 8848.86 മീറ്റര്‍ ഉയരമാണ് മലപ്പുറത്തുകാരി കീഴടക്കിയത്.
മഞ്ചേരിയിലെ സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കായിക മേഖലയോടും ട്രക്കിങ്ങിനോടും തത്പരയായിരുന്നു സുഹ്‌റ. വിവാഹശേഷവും അമ്മയായപ്പോഴും മല കയറണം എന്ന സ്വപ്‌നം കൊണ്ടുനടന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ സുഹ്‌റ 2017 മലകളെ കീഴടക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവ് സിറാജിന്റെ നാടായ വയനാട്ടിലെ പച്ചപുതച്ച മലനിരകളും കുന്നിന്‍ പുറങ്ങളുമെല്ലാം അവര്‍ താണ്ടി. ട്രക്കിങ് ഒരിക്കലും നേരമ്പോക്കായി അവര്‍ ട്രക്കിങിനെ കണ്ടില്ല. മല മുകളിലേക്കുള്ള ഓരോ യാത്രയും പുതിയ അനുഭവങ്ങളും പാഠങ്ങളുമാക്കി കൂടുതല്‍ ഉയരങ്ങളെ താണ്ടാന്‍ സുഹ്‌റ കൊതിച്ചു.
എന്‍ജിനീയറായ ഭര്‍ത്താവ് സിറാജിനൊപ്പം ബെംഗളൂരുവില്‍ താമസമാക്കിയതോടെ പര്‍വതാരോഹണ പരിശീലനങ്ങള്‍ കൂടുതല്‍ സജീവവും ലക്ഷ്യപ്രാപ്ത്തിയിലെത്തുന്നതുമായി മാറി. എങ്കിലും എവറസ്റ്റിന് മുകളില്‍ എത്തുകയെന്നത് തെല്ലൊരു വിദൂര സ്വപ്‌നമായി തന്നെ നിന്നു. കാരണം അനുനിമിഷം മാറി മാറിയുന്ന കാലവസഥയാല്‍ എക്കാലത്തും പര്‍വ്വതാരോഹകരുടെ മരണമേഖല കൂടിയാണ് എവറസ്റ്റ്.
ഹിമവര്‍ഷം ചൊരിയുന്ന ചെങ്കുത്തായ മലമടക്കുകളിലൂടെ മുന്നേറി ലോകത്തിന് കണ്ണെത്താത്ത അത്രയും ഉയരത്തില്‍ എത്തുകയെന്നത് അതിസാഹസമെന്ന് വിളിച്ചാല്‍ പോലും അധികമാവില്ല. അതിനാല്‍ തന്നെയാണ് എവറസ്റ്റിന് മുകളിലെത്തിയപ്പോ സുഹ്‌റയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. ഭര്‍ത്താവ് അടക്കമുള്ളവരുടെ വലിയ പിന്തുണയിലായിരുന്നു മലകയറല്‍.
ട്രക്കിങില്‍ ക്യാമ്പ് ഒന്നിലേക്കെത്താന്‍ ഖുംബു ഹിമനദി കടക്കേണ്ടതുണ്ട്. അവിടെ വലിയൊരു മഞ്ഞുപാളി ട്രെക്കിങിനെ തടസ്സപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന ചിലര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഒരാഴ്ചയോളം ബേസ് ക്യാമ്പില്‍ കുടുങ്ങി. കഴിഞ്ഞ സമ്മിറ്റ് സീസണില്‍ എവറസ്റ്റാരോഹണത്തിലെ അവസാന ഘട്ടമായ ക്യാമ്പ് നാലിലെത്തിനില്‍ക്കെ മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങേണ്ടിവന്നു. ഈ വര്‍ഷത്തെ സീസണില്‍ വീണ്ടും പുറപ്പെട്ടു. എലൈറ്റ് എക്‌സ്‌പെഡിഷന്‍ ഏജന്‍സിക്കൊപ്പമായിരുന്നു പര്‍വതാരോഹണം. നേപ്പാള്‍ ഭാഗത്തുകൂടി ഒറ്റ ദിവസം കൊണ്ടാണ് സുഹ്‌റയും കൂട്ടുകാരും ദൗത്യം പൂര്‍ത്തിയാക്കിയത്. മൂന്ന് ഇന്ത്യക്കാരടക്കം സംഘത്തിലെ 274 പേരും ലക്ഷ്യം കണ്ടു. 2019 മേയില്‍ 223 പേര്‍ നേപ്പാള്‍ വഴി ഒറ്റദിവസംകൊണ്ട് എവറസ്റ്റ് കീഴടക്കിയിരുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപ എവറസ്റ്റ് പര്യവേഷണത്തിനായി ചെലവായതായി സുഹ്‌റ പറയുന്നു. സ്‌കൂള്‍ വിദ്യാത്ഥികളായ എമിര്‍, എഹാബ് മക്കളാണ്. മഞ്ചേരി വല്ല്യാട്ട്പറമ്പ് തുഷാരയില്‍ റിട്ട. പിഡബ്ല്യുഡി എന്‍ജിനീയര്‍ അബദുള്‍ ജലീലിന്റെയും റിട്ട. നഴ്‌സിങ് ഓഫീസര്‍ ആയിഷാബിയുടെയും മകളാണ് സുഹ്‌റ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam