കോടതിച്ചെലവ് വേണ്ടെന്ന് എതിര്‍കക്ഷി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചു

By Web TeamFirst Published Jul 16, 2019, 12:50 PM IST
Highlights

കേസ് പിൻവലിച്ചാൽ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം എതിർകക്ഷി പിന്‍വലിച്ചതോടെയാണ് കേസ് നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഹര്‍ജിക്കാരനും ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ നൽകിയ അപേക്ഷയിലാണ് നടപടി. കേസ് പിൻവലിച്ചാൽ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം എതിർകക്ഷി പിന്‍വലിച്ചതോടെയാണ് കേസ് നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ്  ആവശ്യപ്പെട്ടത്. എന്നാല്‍  കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില്‍  ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്ന്  സുരേന്ദ്രൻ കോടതിയില്‍ പറഞ്ഞതോടെ കേസിന്‍റെ വാദം വീണ്ടും നീട്ടുകയായിരുന്നു.  കോടതിച്ചെലവെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെ കേസ് കോടതി അവസാനിച്ചു.

2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാൽ കേസിലെ എല്ലാ സാക്ഷികൾക്കും സമൻസു പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി, കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു
 

click me!