
ഇടുക്കി: അന്തരിച്ച ഇടുക്കി മുൻ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം നാളെ. മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇടുക്കി കുഞ്ചിത്തണ്ണിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടുക്കി വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിലാണ് സംസ്‍കാരം. പൊതുദർശനം ഒഴിവാക്കിയെന്ന് ഉത്തരവിറങ്ങിയെങ്കിലും ഹൈറേഞ്ചിന്റെ സ്വന്തം ഇടയനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി വൈദികരും കന്യാസ്ത്രീകളും മൂവാറ്റുപുഴയിലെ നിർമല ആശുപത്രിയിലേക്കെത്തി.
ആശുപത്രിയിലെ ഹാളിൽ വിവിധ ബിഷപ്പുമാരുടെ നേതൃത്വത്തിൽ പ്രാർത്ഥന ശുശ്രൂഷകൾ നടന്നു. മന്ത്രി എം എം മണി അടക്കമുള്ള ജനപ്രതിനിധികളും ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയ്ക്ക് 12ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മൃതദേഹം കുഞ്ചിത്തണ്ണിയിലെ വീട്ടിലേക്ക്.
സർക്കാർ നിർദ്ദേശം മുൻനിർത്തി കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്കാരം. ഇതനുസരിച്ച് പൊതുദർശനം ഒഴിവാക്കി.
തിരക്കില്ലാതിരിക്കാൻ കുഞ്ചിത്തണ്ണിയിലെ വീട്, വാഴത്തോപ്പ് കത്തീഡ്രൽ പള്ളി എന്നിവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിയന്ത്രിച്ചു. സംസ്കാര ചടങ്ങിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാനാണ് അനുവാദം. ലോക്ക് ഡൗണ്‍ കാലയളവിൽ പൊതുദർശനം നടത്താനുള്ള തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. സർക്കാരന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊതുദർശനം ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam