മരട് ഫ്ലാറ്റുകൾ പൊളിഞ്ഞ് കായലിൽ വീണാൽ? പാരിസ്ഥിതിക ആഘാതം എങ്ങനെയാകും?

By Web TeamFirst Published Jan 9, 2020, 11:11 AM IST
Highlights

മരടിലെ ഫ്ലാറ്റുകളെല്ലാം പണിതതും അതിന് വിപണിയിൽ വൻ ഡിമാൻഡുണ്ടായതും ഇത് കായലോരത്താണ് എന്നതുകൊണ്ടാണ്. പാരിസ്ഥിതികനാശം വരുത്തിയതിനാണ് സുപ്രീംകോടതി ഈ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. എന്നാൽ ആ പൊളിക്കൽ കൊണ്ട് പാരിസ്ഥിതികനാശമുണ്ടായാൽ?

കൊച്ചി: മരടിൽ സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റുകൾ കായലിൽ പതിക്കാൻ സാധ്യതയെന്ന് ആശങ്ക. കായലോരത്തെ കൂറ്റൻ ബഹുനില മന്ദിരങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ, ടൺകണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ വെളളത്തിൽ വീഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്‍ധർ തന്നെ പറയുന്നത്. പ്രകൃതിയെ സംരക്ഷിക്കാനായി ഫ്ലാറ്റുകൾ പൊളിക്കുന്നത് പ്രകൃതിക്ക് തന്നെ വിനയാകുമോയെന്നാണ് ഇപ്പോഴത്തെ സംശയം. 

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെല്ലാം പണി കഴിപ്പിച്ചതും, അതിന് വിപണിയിൽ വൻ ഡിമാൻഡുണ്ടായതും, അത് കായലോരത്താണ് എന്നതുകൊണ്ടാണ്. കായലോരം എന്നാണ് ഒരു ഫ്ലാറ്റിന്‍റെ പേര് തന്നെ. ജെയിൻ കോറൽ കോവ് കായലിലേക്ക് ഇറക്കിയാണ് നിർമിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. അതേ കാരണം കൊണ്ട് തന്നെയാണ് സുപ്രീംകോടതി ഇത് പൊളിക്കാനുത്തരവിട്ടതും. കായലോരത്ത് ഫ്ലാറ്റ് നിർമിക്കുന്നത് ഒരു കുറ്റമല്ല. പക്ഷേ, തീരദേശപരിപാലനച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു ഇതിലെ പല ഫ്ലാറ്റുകളുടെയും നി‍ർമാണത്തിൽ നടന്നത്. 

വില്ലേജ് ഓഫീസിൽ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ച സർവേ രേഖകൾ അടക്കം പരിശോധിച്ചാണ് സുപ്രീംകോടതി ഇതിലെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിർമിക്കാനായി അത് വഴി ഒഴുകിയിരുന്ന തോട് കയ്യേറി മണ്ണിട്ട് നികത്തിയിട്ടുണ്ട്. ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും ആൽഫാ സെറീനും നി‍ർമിച്ചത് കായൽ കയ്യേറിയാണ്. കായലും ഫ്ലാറ്റും തമ്മിൽ വെറും മീറ്ററുകളുടെ ദൂരം മാത്രമാണുള്ളത്. 

'കരയിൽ മാത്രമല്ല, വെള്ളത്തിനടിയിലും ജീവനുണ്ട്'

മരടിലെ ആൽഫാ സെറീൻ ഫ്ലാറ്റിന് കായലുമായി വെറും മൂന്ന് മീറ്റർ മാത്രമേ അകലമുള്ളൂ, പതിനാറ് നിലകളുള്ള ഈ ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നീക്കുമ്പോൾ കായലിലേക്ക് പതിക്കാതെ നോക്കുകയാണ് ഏറ്റവും ദുഷ്കരം. അങ്ങനെ സംഭവിച്ചാൽ അത് ഗുണത്തേക്കാളേറെ ഉണ്ടാക്കുക ദോഷമാകും. 

ആൽഫാ സെറീന്‍റെ ഇടിഞ്ഞു വീഴുന്ന ഭാഗം കായലിലേക്ക് പതിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. അതിനവർ പറയുന്ന കാരണം, കായലിന് ചുറ്റും കിടങ്ങുകൾ കുഴിച്ചിട്ടുണ്ടെന്നാണ്. പൊളിഞ്ഞു വീഴുന്ന കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്കാണ് വീഴുകയെന്നും വിദഗ്‍ധർ പറയുന്നത്. അതല്ല സംഭവിച്ചതെങ്കിൽ ഉണ്ടാകുക വലിയ പാരിസ്ഥിതികാഘാതമാണ്.

കരയിൽ മാത്രമല്ല, വെള്ളത്തിനടിയിലുമുണ്ട് ജീവൻ. പ്രളയകാലത്ത് ഇത്തരം കെട്ടിടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം ചെറുക്കാൻ ഇത് പൊളിച്ചുനീക്കുമ്പോൾ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. പൊളിച്ചു നീക്കുമ്പോൾ ഇത് പ്രകൃതിക്കെതിരാകാതിരിക്കാനാണ് ജാഗ്രത വേണ്ടത്. 

click me!