
ഇടുക്കി: ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. നാളിതുവരെയായും ഒരു കോൺഗ്രസുകാരനും തൻ്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച് നൽകിയതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു. സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോൾ പോലും കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കൊപ്പം നിൽക്കാൻ ഒരുപാട് ആളുകൾ ഉണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയിൽ നടന്ന പരിപാടിയിൽവെച്ചാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടി പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പിന്തുണച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെപിസിസി ഇവർക്ക് വീട് നിർമിച്ചു നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam