
ദില്ലി: തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് 'മാർക്ക് ജിഹാദ്' ആരോപണമുന്നയിച്ച ദില്ലിയിലെ അധ്യാപകൻ. 'മാർക്ക് ജിഹാദ് ' എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് മാർക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതെന്നുമാണ് കിരോഡി മാൽ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ രാകേഷ് പാണ്ഡെയുടെ അവകാശവാദം. തന്റെ ആരോപണത്തിൽ കേരള സർക്കാർ എന്ത് ചെയ്യുന്നു എന്നത് തന്റെ വിഷയമല്ല. ദില്ലി സർവകലാശാലയിലെ പ്രവേശനം അട്ടിമറിക്കപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ ആരോപണം ദില്ലി സർവകലാശാല അന്വേഷിക്കണമെന്നും രാകേഷ് കുമാർ പാണ്ഡെ ആവശ്യപ്പെട്ടു.
കേരളത്തിലെ വിദ്യാർത്ഥികളുടെ ദില്ലി കോളേജുകളിലെ പ്രവേശനം; 'മാർക്ക് ജിഹാദെ'ന്ന് അധ്യാപകൻ
അതിനിടെ 'മാർക്ക് ജിഹാദ്' പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു. ആര്‍എസ്എസുമായി ബന്ധമുള്ള സംഘടനാ നേതാവ് കൂടിയാണ് രാകേഷ് കുമാർ പാണ്ഡെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam