Asianet News MalayalamAsianet News Malayalam

കേരളത്തിലെ വിദ്യാർത്ഥികളുടെ ദില്ലി കോളേജുകളിലെ പ്രവേശനം; 'മാർക്ക് ജിഹാദെ'ന്ന് അധ്യാപകൻ

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഫണ്ട് ലഭിക്കുന്നുവെന്നും അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

Marks jihad DU professor stirs a row with comment on Kerala students
Author
Delhi, First Published Oct 7, 2021, 12:18 PM IST

ദില്ലി: മലയാളി വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമര്‍ശവുമായി ദില്ലി സര്‍വകലാശാല അധ്യാപകൻ. കേരളത്തിൽ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ (kerala students) ദില്ലി കോളേജുകളിലെ പ്രവേശനം, മാര്‍ക്ക് ജിഹാദെന്ന് (Marks jihad) കിരോരി മാൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രാകേഷ് കുമാര്‍ പാണ്ഡേ പറഞ്ഞു. ഇതിന് പിന്നിൽ ഇടതു പക്ഷമാണെന്നും രാകേഷ് കുമാര്‍ പാണ്ഡേ ആരോപിച്ചു. പരാമര്‍ശം വിവാദമായെങ്കിലും മാപ്പ് പറയില്ലെന്ന് രാകേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ദില്ലി സർവ്വകലാശാലക്ക് കീഴിലുള്ള ഹിന്ദു കോളേജിൽ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ് പ്രോ​ഗ്രാമിലേക്ക് തിങ്കളാഴ്ച വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ലഭിച്ചത് 100 ലധികം അപേക്ഷകളാണ്. ഇവരിൽ മികച്ച സ്കോർ നേടിയവരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നാം വർഷ കോഴ്സിലേക്ക് ആകെ 20 സീറ്റുകളാണുള്ളത്. കട്ട് ഓഫ് മാർക്ക് മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു വിദ്യാർത്ഥിയെയും ദില്ലി സർവ്വകലാശാലക്ക് നിയമാനുസൃതമായ രീതിയിൽ ഒഴിവാക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് മാര്‍ക്ക് ജിഹാദെന്ന ദില്ലി സര്‍വ്വകലാശാല അധ്യാപകന്‍റെ പരാമര്‍ശം.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും രാകേഷ് കുമാർ പാണ്ഡെ കുറ്റപ്പെടുത്തി. സാധാരണമായുള്ള ഒന്നല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. അധ്യാപകരുമായെങ്കിലും വിദ്യാർത്ഥികൾക്ക് സംസാരിക്കാനാകണം. എന്നാല്‍, ദില്ലിയിൽ ഈ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാൻ ചില ഏജന്‍സികള്‍ ഫണ്ട് നൽകുന്നു. എല്ലാവര്‍ക്കും 100 ശതമാനം മാര്‍ക്കാണ്. ഇത് ഇഷ്ടമുള്ള ഏത് കോളേജിലും പ്രവേശനം ഉറപ്പാക്കുന്നു. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് രാകേഷ് കുമാര്‍ പാണ്ഡേയുടെ ആരോപണം.

വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രം​ഗത്തെത്തി. അധ്യാപകന്റെ പ്രസ്താവന അപലപനീയമാണെന്ന് എസ്എഫ് ഐ അഖിലേന്ത്യാ  പ്രസിഡന്റ് വിപി സാനു പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: നൂറിൽ നൂറ്; ദില്ലി സർവ്വകലാശാല കോളേജുകളിൽ ആധിപത്യമുറപ്പിച്ച് മലയാളി വിദ്യാർത്ഥികൾ

 

Follow Us:
Download App:
  • android
  • ios