‌‌മാസപ്പടി കേസില്‍ പിണറായിക്കെതിരായ അന്വേഷണം; കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കിയേക്കില്ല, വിജിലൻസ് കേസെടുക്കും

Published : Oct 09, 2026, 01:33 PM IST
‌‌Masappadi case

Synopsis

മാസപ്പടി കേസിൽ പ്രാഥമികാന്വേഷണത്തിന് ശേഷം കേസെന്ന നിലപാട് തള്ളിയത് യുഡിഎഫിനും കോടതി നിര്‍ദ്ദേശ പ്രകാരം കേസ് വരുന്നത് എൽഡിഎഫിനും രാഷ്ട്രീയമായി തിരിച്ചടിയാണ്. ഒത്തുകളി ആരോപണം ശക്തമാകുമെന്നതിനാൽ ഡിവിഷൻ ബ‍ഞ്ചിൽ അപ്പീൽ നീക്കത്തിന് യു‍ഡിഎഫ് സര്‍ക്കാര്‍ മുതിരില്ലെന്നാണ് വിവരം.

തിരുവനന്തപുരം: മാസപ്പടിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ പോകാൻ സാധ്യതയില്ല. ഉത്തരവ് അനുസരിച്ച് വിജിലന്‍സ് കേസെടുക്കും. അതേസമയം പ്രാഥമികാന്വേഷണത്തിന് ശേഷം കേസെന്ന നിലപാട് തള്ളിയത് യുഡിഎഫിനും കോടതി നിര്‍ദ്ദേശ പ്രകാരം കേസ് വരുന്നത് എൽഡിഎഫിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.

ഇഡി കൈമാറിയ കത്തും തെളിവും പരിഗണിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് എഫ്ഐആര്‍ ഇടാൻ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. പകരം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടിയെ പ്രാഥമികാന്വേഷണത്തിന് നിയോഗിച്ചു. എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി ഇന്ന് റദ്ദാക്കുകയായിരുന്നു. ഇനി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. ഡീൽ, രാഷ്ട്രീയമായ പക പോക്കൽ വാദങ്ങളെ ഹൈക്കോടതി ഉത്തരവ് പരിചയാക്കി പ്രതിരോധിക്കാമെന്ന് കണക്കൂക്കൂട്ടിയാണ് സര്‍ക്കാര്‍ നീക്കം. എന്നാൽ വിജിലന്‍സ് മുമ്പാകെ ഫയൽ ഒന്നും നിലവിൽ ഇല്ല. അത് എസ്ഐടിയിൽ നിന്ന് വാങ്ങും. അവര്‍ രേഖപ്പെടുത്തിയ മൊഴികളും വിജിലന്‍സ് ശേഖരിക്കും. ഇഡി കൈമാറിയ കത്തും തെളിവുകളും വിജിലന്‍സ് പരിശോധിക്കും. ഒത്തുകളി ആരോപണം ശക്തമാകുമെന്നതിനാൽ ഡിവിഷൻ ബ‍ഞ്ചിൽ അപ്പീൽ നീക്കത്തിന് യു‍ഡിഎഫ് സര്‍ക്കാര്‍ മുതിരാനിടയില്ലെന്നാണ് വിവരം.

വീണയ്ക്ക് സിഎംആര്‍എൽ നൽകിയ പണം പിണറായിക്കുള്ള കൈക്കൂലിയായി കരുതാമെന്നും കേസെടുക്കാമെന്നുമുള്ള നിയമോപദേശം തള്ളിയാണ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. എല്ലാത്തിനും തെളിവുണ്ടെന്ന് നിയമോപദേശം കിട്ടിയെങ്കിലും ഡയറിക്കുറിപ്പ് വെച്ച് കേസെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയിൽ വാദിച്ചത്. കോടതി ഇത് തള്ളിയതോടെ രാഷ്ട്രീയമായി യുഡിഎഫിനും തിരിച്ചടിയായി. അതേസമയം, പിണറായിക്കെതിരായ നീക്കം പാര്‍ട്ടിയെ ലക്ഷ്യമിട്ടെന്ന് വാദിക്കുന്നതിനിടെ ഇഡി ആവശ്യത്തെ ഹൈക്കോടതി അംഗീകരിച്ചത് സിപിഎമ്മിനും തിരിച്ചടിയായി. ഇഡിയുടെ തുടര്‍നീക്കങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. രാഷ്ട്രീയമായും നിയപരമായും നേരിടുമെന്ന പ്രസ്താവന ആവര്‍ത്തിക്കുന്ന നേതാക്കള്‍ കര്‍ത്തയുടെ ഡയറിയിൽ പേരുള്ള എല്ലാവരിലേക്കും അന്വേഷണം നീങ്ങുമോയെന്നും വെല്ലുവിളിക്കുന്നു.

അതേസമയം, ബിജെപിക്ക് ഒരു പേടിയുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. എന്നാല്‍, പട്ടിക ഷോണ്‍ പരസ്യപ്പെടുത്തിയതിൽ ബിജെപിയിൽ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായി. ഹൈക്കോടതി ഉത്തരവ് പിണറായിക്കെതിരെ കേസെടുക്കാൻ എന്നതിനാൽ അതിന് അപ്പുറത്തേയ്ക്ക് പോകേണ്ടി വരില്ലെന്ന് കണക്കുക്കൂട്ടലാണ് യുഡിഎഫിനുള്ളിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റില്‍ ചാടി, കുഞ്ഞിന് ജീവൻ നഷ്ടമായി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, അമ്മക്കെതിരെ കേസ്
വിജയനും മരുമകനും മകളും അഴിമതി നടത്തിയെന്ന് കോടതിക്ക് മനസിലായെന്ന് കെഎം ഷാജഹാൻ, 'ഉളുപ്പും ലജ്ജയും ഇല്ലാത്തതുകൊണ്ട് രാജിവെച്ച് പോകില്ല'