
കണ്ണൂർ: അവശ നിലയിലായ കടൽപ്പക്ഷിക്ക് മത്സ്യത്തൊഴിലാളികൾ രക്ഷകരായി. കരയിൽ അപൂർവ്വമായി മാത്രം കണ്ടു വരുന്ന നീലമുഖിപ്പക്ഷിയെയാണ് തലശ്ശേരി കടപ്പുറത്ത് വെച്ച് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്. ജില്ലാ മൃഗാശുപത്രിയിലെ ചികിത്സക്ക് ശേഷം മൃഗ സ്നേഹി കൂട്ടായ്മയുടെ സംരക്ഷണയിലാണ് പക്ഷി ഇപ്പോഴുള്ളത്.
ആഴക്കടലിൽ ഒഴുകി നടക്കുന്നതാണ് നീലമുഖി പക്ഷി അഥവാ കടൽ വാത്ത. തലശ്ശേരി കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾക്ക് പക്ഷിയെ കിട്ടുമ്പോൾ അവശ നിലയിലായിരുന്നു. ദേഹം മുഴുവൻ ചെള്ള് കയറിയ നിലയിലായിരുന്നു. ഒടുവിൽ കൊട്ടിയൂർ ഫോറസ്ററ് റേഞ്ച് ഓഫീസറുടെ നിർദേശ പ്രകാരം മൃഗസ്‌നേഹി കൂട്ടായ്മായ പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ വിജിലേഷും സംഘവും പക്ഷിയുടെ രക്ഷക്ക് എത്തുകയായിരുന്നു. ഇവർ പക്ഷിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ചികിത്സയും നൽകി.
കേരളത്തിൽ അത്യാപൂർവമായി മാത്രമേ നീല മുഖിയെ .കാണാറുള്ളു.. പ്രജനനത്തിനും വിശ്രമത്തിനുമാണ് ഇവ കരയിൽ എത്തുന്നത്.. കടലിൽ കാലവർഷം ശക്തമായപ്പോൾ കാറ്റിൽ പെട്ട് ദിശ തെറ്റി എത്തിയാതാവാനാണ് സാധ്യത. കടൽപ്പക്ഷി ആയതിനാൽ 7 മീറ്റർ ഉയരത്തിലും 3 മീറ്റർ വെള്ളത്തിനടിയിലേക്കും മാത്രമേ ഇവക്ക് സഞ്ചരിക്കാനാവു. അറ്റ്ലാൻ്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്ത സമുദ്രം, ചെറു ദ്വീപുകൾ, ഒമാൻ എന്നിവിടങ്ങളിൽ ഇവയെ കണ്ടു വരാറുണ്ട്. അരോഗ്യം വീണ്ടെടുത്ത് നിരീക്ഷച്ചതിന് ശേഷം നീലമുഖിയെ കടലിലേക്ക് തന്നെ വിടും.
മനുഷ്യവാസമുള്ള തീരങ്ങളിൽ സാധാരണ കടൽ വാത്തകൾ വരാറില്ല. ജനവാസമില്ലാത്ത ദ്വീപുകളിലാണ് ഇവ ചേക്കാറാറുള്ളത്. ആഴക്കടലിൽ മീൻ പിടിക്കുന്ന പക്ഷികളാണ് ഇവ. മരങ്ങളുള്ള കര വേണമെന്ന് ഇവയ്ക്ക് നിർബന്ധമില്ല. നിലത്ത് തന്നെയാണ് ഈ പക്ഷി മുട്ടയിടുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിന്റെ തീരത്ത് പലയിടത്തായി ഈ പക്ഷികൾ എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam