
തിരുവനന്തപുരം: റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. ഓപ്പറേഷൻ സരൾ റാസ്‍ത എന്ന പേരില്‍ വിജിലന്‍സ് പിഡബ്ല്യുഡി റോഡുകളിലാണ് പരിശോധന നടത്തിയത്. 112 റോഡുകൾ വിജിലന്‍സ് പരിശോധിച്ചു. അറ്റകുറ്റ പണി ചെയ്യുന്ന റോഡുകൾ ആറുമാസം കഴിഞ്ഞാൽ തകരുന്നു. ഗ്യാരന്‍റി പീരീഡ് കഴിഞ്ഞാൽ വീണ്ടും കരാർ നൽകാൻ പിഡബ്ല്യുഡി എഞ്ചിനീയർമാർ ശുപാർശ ചെയ്യുകയാണെന്നും വിജിലന്‍സ് കണ്ടെത്തല്‍.
റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പരിശോധനയ്ക്കായി വിജിലൻസും ഇറങ്ങിയത്. കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്പികളുകൾ ശേഖരിച്ചു.
കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി, ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്പിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും. രേഖകളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻെറ നിർദ്ദേശം. വിജിലൻസ് അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന് വലിയ തിരിച്ചടിയാകും.
ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവ്
ഇടുക്കിയിൽ മറയൂരിൽ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 2018 ൽ മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി ജി വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മറയൂർ സ്വദേശിയാണ് കേസിലെ പ്രതി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
കുട്ടിയുടെയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. അതിജീവിതയുടെ പുരനധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. കുട്ടി ഇപ്പോഴും ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam