പ്രതിപക്ഷ സമരം നഗരസഭയുടെ നടത്തിപ്പിനെ ബാധിച്ചെന്ന് മേയ‍ര്‍ ആര്യ; പാ‍ര്‍ട്ടിയിൽ ഗൂഢാലോചന നടന്നതായി അറിയില്ല

By Web TeamFirst Published Nov 19, 2022, 6:56 PM IST
Highlights

ഭയപ്പെടുത്തുന്ന അന്തരീക്ഷം നഗരസഭയിൽ ഉണ്ടാക്കിയെടുക്കാനാണ് അവരുടെ ശ്രമം. മേയറായി ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവ‍ര്‍ ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ മാത്രം ആവശ്യമാണെന്നും മേയ‍ര്‍ ആര്യ പറഞ്ഞു. 

തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികൾ നടത്തുന്ന സമരങ്ങൾ തിരുവനന്തപുരം കോ‍ര്‍പ്പറേഷൻ്റെ നടത്തിപ്പിനെ ബാധിച്ചതായി മേയ‍ര്‍ ആര്യ രാജേന്ദ്രൻ. സമരത്തിൻ്റെ പേരിൽ പ്രതിപക്ഷം സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നഗരസഭയിൽ ഉണ്ടാക്കിയെടുക്കാനാണ് അവരുടെ ശ്രമം. മേയറായി ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവ‍ര്‍ ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ മാത്രം ആവശ്യമാണെന്നും മേയ‍ര്‍ ആര്യ പറഞ്ഞു. 

അതേസമയം കത്ത് വിവാദത്തിൽ പാ‍ര്‍ട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നതായി അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേസിൽ ക്രൈംബ്രാഞ്ച് നല്ല രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ആര്യ പറഞ്ഞു. കൊച്ചിയിലെ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ കോർപ്പറേഷൻ റോഡുകളിൽ ഓടകൾ സുരക്ഷിതമാക്കുമെന്ന് പറഞ്ഞ മേയ‍ര്‍ സ്ളാബ് ഇല്ലാത്ത ഇടങ്ങളിൽ സ്ളാബ് ഇടാൻ അടിയന്തര നി‍ര്‍ദേശം നൽകിയതായും അറിയിച്ചു. 

അതേസമയം കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തിരുവനന്തപുരം നഗരസഭ കൗൺസിലിന്റെ പ്രത്യേക യോഗം പ്രതിഷേധത്തിൽ മുങ്ങി. കൗണ്‍സിലിനെത്തിയ കൗൺസിലമാർ തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിപക്ഷ കൗൺസിലർമാർ മേയർക്കെതിരെ കരിങ്കൊടി ഉയർത്തി. യുഡിഎഫ് യോഗം ബഹിഷ്കരിച്ചു.

മേയറുടെ വാക്കുകൾ - 

കൗണ്‍സിൽ വിളിച്ചു ചേർക്കാൻ അധികാരമുള്ളയാളാണ് മേയർ.  സ്വാഭാവികമായും അധ്യക്ഷത വഹിക്കേണ്ടതും മേയറാണ്. കത്ത് സംബന്ധിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെയും ഓംബുഡ്‌സ്മാന്റെയും മുന്നിൽ ഉള്ള വിഷയം ആണ് അത്. പക്ഷേ കാര്യങ്ങൾ ജനം അറിയണം എന്ന് തന്നെയാണ് ഭരണസമിതിയുടെ നിലപാട്. ചർച്ചയ്ക്ക് ഭരണ സമിതി തയാറായിരുന്നു. ചർച്ച നടക്കാതിരിക്കാൻ ബോധപൂർവം ശ്രമം നടന്നു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഇന്ന് കൗണ്‍സിൽ യോഗം വിളിച്ചുചേർത്തത്. എന്നാൽ ഇവിടെ നടന്നത് നാടകമാണ്. 

സമരത്തിൻ്റെ പേരിൽ പ്രതിപക്ഷം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. നഗരസഭയിൽ എത്തുന്ന ജനങ്ങളെ പൂട്ടിയിടുകയാണ്. ഏത് അന്വേഷണത്തെയും നേരിടാൻ ഭരണസമിതി തയ്യാറാണ്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നഗരസഭയിൽ ഉണ്ടാക്കി എടുക്കാനാണ് ശ്രമം. ഈ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കേസ് നല്ല രീതിയിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷം നടത്തി വരുന്ന സമരം നഗരസഭയുടെ വരുമാനത്തെ തന്നെ ബാധിക്കുന്ന നിലയാണ്. കത്ത് വിവാദത്തിൽ  പാർട്ടിക്ക് ഉള്ളിൽ ഗൂഢാലോചന നടക്കുന്നതായി അറിയില്ല. എൻ്റെ രാജി എന്നത് പ്രതിപക്ഷത്തിൻ്റെ ആവശ്യം മാത്രമാണ്. ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവ‍ര്‍ ആവശ്യപ്പെടുന്നുണ്ട്. 

അതേസമയം മേയറുടെ പേരിലെ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയില്ല. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദ‍‍ർവേസ് സാഹിബ് തിരിച്ചെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ. ഇക്കാര്യത്തിൽ ഡിജിപിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. അതേസമയം വിജിലൻസ് അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.

 

click me!