Asianet News MalayalamAsianet News Malayalam

മേയറുടെ 'കത്ത്',സർവകലാശാല നിയമന വിവാദങ്ങളിൽ സിപിഎം സെക്രട്ടറിയേറ്റിന് അതൃപ്തി; നിയമനങ്ങൾ പരിശോധിക്കാൻ തീരുമാനം

വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ അടക്കം സി പി എം വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ടാകും

cpm state secretariat will examine meyer letter controversy
Author
First Published Nov 18, 2022, 5:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്താകെ ചർച്ചയായി മാറിയ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ 'കത്ത്' വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ വിലയിരുത്തല്‍. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നിയമനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് സി പി എം. കോര്‍പറേഷന്‍ മേയറുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തില്‍ വലിയ അതൃപ്തിയാണുള്ളത്.

നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. നിയമനങ്ങൾ പാർട്ടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി ഇക്കാര്യത്തിൽ പരിശോധന നടത്തുക. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ അടക്കം സി പി എം വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സി പി എം സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നിട്ടുണ്ട്.

'ഇനി ഏറ്റെടുക്കുന്നത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം', വിഷയം ശക്തമായി ഉയര്‍ത്തുമെന്ന് ഗവര്‍ണര്‍

നിയമന വിവാദങ്ങളിൽ സമഗ്ര പരിശോധനക്ക് ഒരുങ്ങുകയാണ് സി പി എം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടി പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നിയമനങ്ങളിൽ സമഗ്ര പരിശോധന എന്ന തീരുമാനത്തിലേക്ക് സി പി എം എത്തുന്നത്. സര്‍വ്വകലാശാല നിയമന വിവാദങ്ങൾ വലിയ തിരിച്ചടിയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയത്. ഇതിന് പുറമെയാണ് കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട തിരുവനന്തപുരം മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത്. സര്‍വ്വകലാശാല നിയമനങ്ങളും കത്ത് വിവാദവും സെക്രട്ടേറിയറ്റ് യോഗത്തിൽ ചര്‍ച്ചയായി. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി എടുക്കാനും വിവാദങ്ങൾക്കിടയാക്കിയ സാഹചര്യം പരിശോധിക്കാനും മേലിൽ ഇത്തരം വീഴ്ചകൾ ആവര്‍ത്തിക്കാതിരിക്കാൻ നടപടി എടുക്കാനുമാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios