'കാലിൽ നീര് കണ്ടു, എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം', മുഖ്യമന്ത്രിയെ കുറിച്ച് മേയർ ആര്യ രാജേന്ദ്രൻ

By Web TeamFirst Published May 18, 2022, 9:59 AM IST
Highlights

എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ: പിണറായി വിജയൻ. കെ സുധാകരന് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി മേയ‍ർ ആര്യ രാജേന്ദ്രൻ.  തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലിൽ നീരുണ്ടായിരുന്നുവെന്നും അതെല്ലാം മറന്ന് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നുവെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ അച്ഛന്റെ കാലിലെ നീര് ഓ‍‍ർമ്മിച്ചുകൊണ്ടാണ് മേയറുടെ കുറുപ്പ്. 

എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ: പിണറായി വിജയൻ. അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമ്പോൾ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം ശ്രീ.കെ സുധാകരനടക്കമുള്ളവർക്ക് ഓർമ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്. - ആര്യ കുറിച്ചു. 

മേയ‍ർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് 

അച്ഛന്റെ കാലിൽ നീര് കാണുമ്പോൾ അമ്മ പറയും വിശ്രമിക്കാത്തത് കൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛൻ വിശ്രമിച്ചു ഞാൻ കണ്ടിട്ടില്ല.പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്.
സോഷ്യൽമീഡിയയിൽ കുറേ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീ.കെ സുധാകരൻ ബഹു.മുഖ്യമന്ത്രിയെ പറ്റി പറയുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ
രാവിലെ നിഷ് ൽ പരിപാടിക്കെത്തിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മനസ്സിൽ ഓടിയെത്തിയത്. അദ്ദേഹം കാറിൽ നിന്നിറങ്ങുമ്പോൾ കാലിൽ അച്ഛന്റെ കാലിൽ കണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷെ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിന് മുന്നിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്നേഹ വാത്സല്യങ്ങൾ പകർന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തു.
എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ: പിണറായി വിജയൻ. അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമ്പോൾ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം ശ്രീ.കെ സുധാകരനടക്കമുള്ളവർക്ക് ഓർമ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്.
തൃക്കാകരയിലെ  പ്രബുദ്ധരായ ജനങ്ങൾ ഇതിന് മറുപടി പറയും...

മുഖ്യമന്ത്രിക്കെതിരായ പരാമർശം അപലപനീയം; കെ സുധാകരനെ കടന്നാക്രമിച്ച് ഇപി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്. എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ദില്ലിയിലും, പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.

ട്വന്റി ട്വന്റിയെ എതിർത്ത പാർട്ടിയല്ലേ കോൺഗ്രസ് എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന ദയാഹർജിയുമായി ട്വന്റി ട്വന്റിയുടെ മുന്നിൽ പോയി നിൽക്കുന്നു. ആ അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി. യുഡിഎഫ് തൃക്കാക്കരയിൽ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. സാബു എം ജേക്കബിനെതിരായ പോസ്റ്റ് തെറ്റെന്ന് പിവി ശ്രീനിജന് തോന്നിയത് കൊണ്ടാണ് അത് പിൻവലിച്ചത്. ഒരു വോട്ടും വേണ്ടെന്ന് ആരോടും പറയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

Read More: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ

click me!