
തിരുവനന്തപുരം: കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ സ്വീഡനില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. സ്റ്റോക്ക് ഹോമിലെ മേരി സെഡര്‍സ്‌കോള്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികളായ സോഫിയാ ബ്രോമാന്‍, സ്റ്റെല്ല നോര്‍ഡന്‍മാന്‍ എന്നിവരാണ് കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് എത്തിയത്. കുടുംബശ്രീ നടപ്പാക്കുന്ന ഉജ്ജീവനം പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഇവരെ പരിചയപ്പെട്ടതെന്നും കേരളത്തിലെ ഓരോ അയല്‍ക്കൂട്ടവും വികസിത രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് പോലും അദ്ഭുതകരമായ അനുഭവമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'കൂടുതല്‍ യുവജനങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കാനും സംരംഭകരാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കൂടുംബശ്രീയെന്ന കേരളത്തിന്റെ അഭിമാനത്തെ കൂടുതല്‍ മികവിലേക്ക് നയിക്കാ'മെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
മന്ത്രി എംബി രാജേഷിന്റെ കുറിപ്പ്: ഇന്ന് രണ്ട് യുവ സുഹൃത്തുക്കളെ സന്തോഷത്തോടെ പരിചയപ്പെടുത്തട്ടെ. സോഫിയാ ബ്രോമാനും സ്റ്റെല്ല നോര്‍ഡന്‍മാനും. രണ്ടുപേരും സ്വീഡനില്‍ നിന്ന് കേരളത്തിലെത്തിയവരാണ്. അവരിവിടെയെത്തിയത് കുടുംബശ്രീയെക്കുറിച്ച് പഠിക്കാനാണ്. സ്റ്റോക്ക് ഹോമിലെ മേരി സെഡര്‍സ്‌കോള്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് കേരളത്തിലെത്തി കുടുബശ്രീയെക്കുറിച്ച് പഠിക്കുന്നത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന 'ഉജ്ജീവനം' പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഇവരെ പരിചയപ്പെട്ടത്. സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീ സമ്മാനിച്ച അതുല്യ മാതൃകകള്‍ ലോകം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണ്. ഇവിടെ ഈ കൊച്ചുകേരളത്തിലെ ഓരോ അയല്‍ക്കൂട്ടവും വികസിത രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് പോലും അദ്ഭുതകരമായ അനുഭവമാണ് സമ്മാനിക്കുന്നത്. കൂടുതല്‍ യുവജനങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കാനും സംരംഭകരാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കൂടുംബശ്രീയെന്ന കേരളത്തിന്റെ അഭിമാനത്തെ നമുക്ക് കൂടുതല്‍ മികവിലേക്ക് നയിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam