Asianet News MalayalamAsianet News Malayalam

'ലീഗ് ചെലവിൽ തരൂർ ഇസ്രയേൽ ഐക്യദാർഢ്യം നടത്തി';  ഭീകരരാഷ്ട്രമെന്ന് പറയാൻ ഇപ്പോഴും കഴിയുന്നില്ലെന്ന് സ്വരാജ്

ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും ലീഗ് വേദിയില്‍ നിന്നും ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോള്‍ ലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പിച്ച ആഹ്ലാദത്തിലാണെന്നും സ്വരാജ്.

m swaraj against shashi tharoor speech at muslim league rally joy
Author
First Published Oct 26, 2023, 10:57 PM IST

കൊച്ചി: കോഴിക്കോട് മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് എം. സ്വരാജ്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും തരൂരും പലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് പറഞ്ഞു.

എം സ്വരാജിന്റെ കുറിപ്പ്: ''കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവില്‍ ഡോ.ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് 'ഭീകരവാദികളുടെ അക്രമ'ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു.ഒപ്പം ഇസ്രായേലിന്റേത്  'മറുപടി'യും ആണത്രെ ..വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോള്‍ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പിച്ച ആഹ്ലാദത്തിലാണ്.''


മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും പറഞ്ഞു. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും ജലീല്‍ പറഞ്ഞു. 

കെടി ജലീല്‍ പറഞ്ഞത്: കോഴിക്കോട്ട് നടന്നത് ഇസ്രായേല്‍ അനുകൂല സമ്മേളനമോ? ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രായേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. മിസ്റ്റര്‍ ശശി തരൂര്‍, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവര്‍ത്തനം എന്ന് താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ എന്തേ ഇസ്രായേലിനെ കൊടും ഭീകരര്‍ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റര്‍ തരൂര്‍, അളമുട്ടിയാല്‍ ചേരയും കടിക്കും. (മാളത്തില്‍ കുത്തിയാല്‍ ചേരയും കടിക്കും).

അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ല. ഫലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രായേല്‍ മാല'' പാടിയത്. സമസ്തക്ക് മുന്നില്‍ 'ശക്തി' തെളിയിക്കാന്‍ ലീഗ് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂര്‍ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്. ഫലസ്തീനികളുടെ ചെലവില്‍ ഒരു ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവര്‍.

ജാക്‌സൺ മാർക്കോസിന് 3 ലക്ഷം അനുവദിച്ചിരുന്നു, ഉത്തരവിറങ്ങിയത് ഇന്നലെ, അതിനിടയിലാണ് മരണമെന്നും അൻവർ 
 

Follow Us:
Download App:
  • android
  • ios