
തിരുവനന്തപുരം: മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ എസ്കോർട്ട് വേണമെന്ന എക്സൈസ് കമ്മീഷ്ണർ എംആർ അജിത്കുമാർ ഉത്തരവിറക്കിയെന്ന വാർത്തകളിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. മന്ത്രിക്ക് എസ്കോർട്ട് പോവുകയല്ല എക്സൈസിന്‍റെ ജോലി എന്നതിൽ തനിക്ക് സംശയമില്ലെന്നും, ഇതുവരെയില്ലാത്ത പുതിയ എസ്കോർട്ടിന്‍റെ ആവശ്യം ഇപ്പോൾ തീരെയില്ലെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എക്സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരികയാണ്. അത് ശക്തമായി തുടരും. കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ടൊന്നും അതിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
എക്സൈസ് കമ്മീഷണറുമായി തനിക്ക് നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹത്തെ എന്റെ ഓഫീസ് ബന്ധപ്പെട്ട് അങ്ങനെ ഒരു ഉത്തരവ് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് എംബി രാജേഷ് വ്യക്തമാക്കി. മന്ത്രി പറഞ്ഞു, കമ്മീഷണർ ഉത്തരവിട്ടു എന്ന് കുറച്ചു പേർ വിശ്വസിച്ചേക്കാം മന്ത്രി ജില്ലയിൽ വരുമ്പോൾ അതാത് ഇടങ്ങളിലെ എൻഫോഴ്സ്മെന്റ് പുരോഗതി നേരിട്ട് ധരിപ്പിക്കണം എന്ന നിർദ്ദേശം മാത്രമാണ് നൽകിയത്. ഇനി തെരഞ്ഞെടുപ്പ് കാലമല്ലേ. ഇങ്ങനെ പലതും പ്രതീക്ഷിക്കാം. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ ധാരാളം നേരിട്ടിട്ടുള്ളതാണ്- എംബി രാജേഷ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
മന്ത്രിക്ക് എക്സൈസ് എസ്കോർട്ട് പോകാൻ കമ്മീഷണറുടെ ഉത്തരവ് എന്നതാണ് ഇന്നത്തെ വിവാദവാർത്ത. അതുടൻ കാർഡായി ലക്ഷക്കണക്കിനാളുകളിൽ എത്തി. മന്ത്രി പറഞ്ഞു, കമ്മീഷണർ ഉത്തരവിട്ടു എന്ന് കുറച്ചു പേർ വിശ്വസിച്ചേക്കാം. മൂന്നര വർഷമായി മന്ത്രിയായിട്ട്. മന്ത്രിക്ക് എസ്കോർട്ട് പോവുകയല്ല എക്സൈസിന്‍റെ ജോലി എന്നതിൽ എനിക്ക് സംശയമില്ല .ഇതുവരെയില്ലാത്ത പുതിയ എസ്കോർട്ടിൻ്റെ ആവശ്യം ഇപ്പോൾ തീരെയില്ല.
വാർത്ത വരുമ്പോൾ ഞാൻ കിലയിൽ മേയർ, മുൻസിപ്പൽ ചെയർപേഴ്സൺ, ജില്ലാ- ബ്ലോക്ക് പ്രസിഡന്റുമാരുടെ ഒരു ഔദ്യോഗിക യോഗത്തിലായിരുന്നു. ആ യോഗം 3 മണിക്കൂർ നീണ്ടു. എക്സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരികയാണ്. അത് ശക്തമായി തുടരും.
കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ടൊന്നും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. എക്സൈസ് അവരുടെ ജോലി മാത്രമാണ് ചെയ്യേണ്ടത്.അതു ചെയ്യാത്തവരോടും സേനയുടെ അച്ചടക്കം പാലിക്കാത്തവരോടും വിട്ടുവീഴ്ചയുണ്ടാവില്ല. ഇനി തെരഞ്ഞെടുപ്പ് കാലമല്ലേ. ഇങ്ങനെ പലതും പ്രതീക്ഷിക്കാം. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ ധാരാളം നേരിട്ടിട്ടുള്ളതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam