പാർട്ടി ചിലപ്പോള്‍ കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ

By Web TeamFirst Published Jun 5, 2020, 3:47 PM IST
Highlights

കഠിനംകുളത്ത് വീട്ടമ്മയെ ഭർത്താവിൻ്റെ ഒത്താശയോടെ സുഹൃത്തുകൾ പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും താരത്മ്യപ്പെടുത്താൻ വാക്കുകളില്ലാത്തതാണെന്നും എംസി ജോസഫൈൻ പറഞ്ഞു

തിരുവനന്തപുരം: പാർട്ടിക്ക് (സിപിഎം) സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പികെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവേ എംസി ജോസഫൈൻ പറഞ്ഞു. 

പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈൻ പറഞ്ഞു.  

കഠിനംകുളത്ത് വീട്ടമ്മയെ ഭർത്താവിൻ്റെ ഒത്താശയോടെ സുഹൃത്തുകൾ പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും താരത്മ്യപ്പെടുത്താൻ വാക്കുകളില്ലാത്തതാണെന്നും എംസി ജോസഫൈൻ പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ സംഭവം ധരിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.  

എസ്. രാജേന്ദ്രനും സികെ ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ്റെ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ നേരത്തെ പ്രതികരിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. 
 

click me!