
കോഴിക്കോട്: കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിൽ പൊലീസ് ഒരുക്കിയ പഴുത് മുതലെടുത്ത് പ്രധാന പ്രതി മുഹമ്മദ് കബീറിന് ജാമ്യം. അറസ്റ്റിൻ്റെ കാരണം യഥാസമയം ബന്ധുക്കളെ രേഖാമൂലം അറിയിക്കാത്തതിനാലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഈ കേസിലെ ഡിറ്റക്റ്റിങ് ഓഫീസര്‍ ആയ കരിപ്പൂര്‍ എസ്എച്ച്ഒ, പ്രതിയുടെ വീട്ടുവളപ്പിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. അതിനാൽ തന്നെ പ്രതിക്ക് രക്ഷപ്പെടാൻ പഴുത് ഒരുക്കിയെന്ന ആരോപണമാണ് ഉയരുന്നത്. കേസിൽ അറസ്റ്റിലായി ഒരു മാസത്തിനകമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
ജനുവരി 22നാണ് മുഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്‌തത്. 39 ഗ്രാം എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. കേസിൽ ഫെബ്രുവരി 19ന് ഹൈക്കോടതിയിൽ നിന്ന് പ്രതിക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം നൽകാൻ വൈകിയാൽ പോലും അന്വേഷണ ഉദ്യോഗസ്ഥൻ കാരണം ബോധിപ്പിച്ചാൽ 180 ദിവസം വരെ പ്രതിക്ക് ജാമ്യം ലഭിക്കാത്ത കേസിലാണ് ഒരു മാസത്തിനുള്ളിൽ മുഹമ്മദ് കബീർ പുറത്തിറങ്ങിയത്. കബീറിൻ്റെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായിരുന്നു കരിപ്പൂര്‍ എസ്എച്ച് ഒ എം. അബ്ബാസലി. നേരത്തെ എസ്എച്ച്ഒയുടെ ഈ താമസം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഹരി ബന്ധമുള്ള പ്രതിയുടെ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന ഉദ്യോഗസ്ഥ മുന്നറിയിപ്പ് അബ്ബാസലി അവഗണിച്ചു. മുഹമ്മദ് കബീർ എംഡിഎംഎയുമായി പിടിയിലായപ്പോൾ അബ്ബാസലി ഡിറ്റക്ടിങ് ഓഫീസറായി. പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന് തുടക്കത്തിൽ തന്നെ ഉയർന്ന ആരോപണം ശരിവെക്കുന്നതായി ജാമ്യ ഉത്തരവ്.
വാണിജ്യ അളവിൽ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ പ്രതിക്ക് രക്ഷപ്പെടാനായി പൊലീസ് ബോധപൂര്‍വം ഉണ്ടാക്കിയ പിഴവെന്ന വിമർശനമാണ് ഉയരുന്നത്. എറണാകുളം പള്ളുരുത്തി സ്വദേശി സാദത്ത്, വേങ്ങര സ്വദേശി ഹർഷദ് അലി, കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നിസാര്‍ റഹ്മാൻ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam